യു ഡി എഫ് മന്ത്രിസഭയില്‍ നിന്ന് ആദ്യം തെറിക്കുന്ന മന്ത്രി പി കെ ബഷീര്‍: കെ ടി ജലീല്‍

കൊച്ചി: യു ഡി എഫ് മന്ത്രിസഭയില്‍ നിന്ന് ആദ്യം തെറിക്കുന്ന മന്ത്രി പി കെ ബഷീര്‍ ആയിരിക്കുമെന്നു പ്രവചിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. കോഴവാങ്ങുന്ന മാനേജര്‍ക്ക് മന്ത്രിയായി തുടരാനാവില്ലെന്ന് കെ ടി ജലീല്‍ മുന്നറിയിപ്പു നല്‍കി.

102 എം എല്‍ എമാരുടെ അംഗബലമുള്ള യു ഡി എഫ് സര്‍ക്കാരില്‍ തെറിക്കുന്ന ആദ്യ ‘വിക്കറ്റ്’ ഇ എം ഇ എ കോളജിന്റെ മാനേജര്‍ പി കെ ബഷീറിന്റെതാവും. ഇ എം ഇ എ എയ്ഡഡ് കോളജിന്റെയും എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളും മാനേജ്മെന്റ് ക്വാട്ടയിലെ വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്കും ഭീമമായ തുക തലവരി വാങ്ങുന്ന സ്ഥാപനങ്ങളാണെന്ന് എല്ലാവര്‍ക്കം അറിയാവുന്നതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങുന്ന സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം മാനേജര്‍ പദവി ഒഴിയലാണ് തടി കേടാകാതിരിക്കാന്‍ നല്ലതെന്നും കെ ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മന്ത്രിയും മാനേജരും ഒരുമിച്ച് കൊണ്ടുപോകാമെന്ന് അത്യാഗ്രഹം തോന്നിയാല്‍, പാറക്കല്‍ അബ്ദുല്ലക്ക് സാദിഖലി തങ്ങള്‍ തുന്നിച്ച് കൊടുത്ത ‘മന്ത്രിക്കോട്ട്’ രണ്ടരക്കൊല്ലത്തിന് മുമ്പേ അദ്ദേഹത്തിന് അണിയാനുള്ള ഭാഗ്യമുണ്ടാകും. തീര്‍ച്ച. പണ്ടത്തെ പോലെ ‘പച്ചക്ക്’ കൈക്കൂലി വാങ്ങാന്‍ പറ്റുന്ന കാലമല്ല ഇപ്പോള്‍. ആ ഓര്‍മ്മ ഉണ്ടായാല്‍ രണ്ടര കൊല്ലമെങ്കിലും തികക്കാം. അല്ലെങ്കില്‍ ഏറനാട്ടിലെ കസ്തൂരി മാമ്പഴം പാറക്കല്‍ കൊത്തിക്കൊണ്ടു പോകും- ജലീല്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മന്ത്രി ബഷീറും ‘കോഴയും”!
പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ എയ്ഡഡ് കോളേജിന്റെയും എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും മാനേജര്‍ കൂടിയാണ്. ഈ രണ്ട് എയ്ഡഡ് സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് ക്വാട്ടയിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്കും ഭീമമായ തുക തലവരി വാങ്ങുന്ന സ്ഥാപനങ്ങളാണ്. ഇക്കാര്യം കൊണ്ടോട്ടിയിലെ മൂക്ക് കീഴ്‌പ്പോട്ടായ എല്ലാവര്‍ക്കും അറിവുള്ളതാണ്. വലിയ ആക്ഷേപങ്ങള്‍ പല സന്ദര്‍ഭങ്ങളിലും സ്ഥാപന മാനേജുമെന്റുകള്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുമുണ്ട്. ഇപ്പോഴിതാ പ്രാദേശിക ലീഗ് കമ്മിറ്റികളും മാനേജര്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നു.

സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങുന്ന സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നത് ശരിയായ നടപടിയല്ല. അദ്ദേഹം മാനേജര്‍ പദവി ഒഴിയലാണ് തടി കേടാകാതിരിക്കാന്‍ നല്ലത്. ആ സ്ഥാനം മറ്റാര്‍ക്കെങ്കിലും (തന്റെ അനുജനല്ല) ഒഴിഞ്ഞുകൊടുക്കലാകും നല്ലത്. അല്ലെങ്കില്‍ 102 എം.എല്‍.എമാരുടെ അംഗബലമുള്ള യു ഡി എഫ് സര്‍ക്കാരില്‍ തെറിക്കുന്ന ആദ്യ ‘വിക്കറ്റ്’ ഇ.എം.ഇ.എ കോളേജിന്റെ മാനേജരുടേതാകും.
മന്ത്രിയും മാനേജരും ഒരുമിച്ച് കൊണ്ടുപോകാമെന്ന് അത്യാഗ്രഹം തോന്നിയാല്‍, പാറക്കല്‍ അബ്ദുല്ലക്ക് സാദിഖലി തങ്ങള്‍ തുന്നിച്ച് കൊടുത്ത ‘മന്ത്രിക്കോട്ട്’ രണ്ടരക്കൊല്ലത്തിന് മുമ്പേ അദ്ദേഹത്തിന് അണിയാനുള്ള ഭാഗ്യമുണ്ടാകും. തീര്‍ച്ച.

കൈക്കൂലി പറയാനും വാങ്ങാനും കോഴ സ്ഥാപനങ്ങളുടെ മാനേജര്‍ പദവിയിലിരുന്ന് ‘ചളിപ്പ്’ തീര്‍ന്ന മരാമത്ത് മന്ത്രിക്ക് കോണ്‍ട്രാക്ടര്‍മാരോടും എന്‍ജിനീയര്‍മാരോടും കമ്മീഷന്റെ ശതമാനം പറയാന്‍ ഒരു മടിയും ഉണ്ടാവില്ല. ഇറാന്‍-അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് ടാറിന്റെ വില കൂടിയതിനാല്‍ സംസ്ഥാനത്തെ പി.ഡബ്ലിയു.ഡി കോണ്‍ട്രാക്ടര്‍മാര്‍ പണിയൊന്നും എടുക്കാതെ അപ്രഖ്യാപിത സമരത്തിലാണ്.ഉയര്‍ന്ന ടാര്‍വില സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള അണിയറനീക്കം തകൃതിയായി നടക്കുന്നതായാണ് മഞ്ചേരിച്ചന്തയിലെ സംസാരം? ടാര്‍വില വര്‍ധന സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചാല്‍ ഒരു നിശ്ചിത ശതമാനം ‘കിനിവ്’ വകുപ്പ് മന്ത്രിക്കും ഉണ്ടാകുമെന്നാണ് കേള്‍വി? അങ്ങിനെ ചില സംസാരങ്ങള്‍ നടന്നതായും അതിന്റെ ശബ്ദരേഖ കൈവശമുള്ളതായുമൊക്കെ കരാറുകാര്‍ക്കിടയില്‍ അടക്കം പറച്ചിലുകളുണ്ട്. പണ്ടത്തെ പോലെ ‘പച്ചക്ക്’ കൈക്കൂലി വാങ്ങാന്‍ പറ്റുന്ന കാലമല്ല ഇപ്പോള്‍. ആ ഓര്‍മ്മ ഉണ്ടായാല്‍ രണ്ടര കൊല്ലമെങ്കിലും തികക്കാം. അല്ലെങ്കില്‍ ഏറനാട്ടിലെ ”കസ്തൂരി മാമ്പഴം’ ‘പാറക്കല്‍’ കൊത്തിക്കൊണ്ടു പോകും.

Share