യൂറോപ്പിനെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം; 1999 ന് ശേഷം ആദ്യം
ലണ്ടൻ: യൂറോപ്പിനെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം. 1999 ന് ശേഷം ആദ്യമായാണ് അപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് യൂറോപ്പിലെ പ്രധാന രാജ്യങ്ങൾ സാക്ഷിയായത്. ഏകദേശം രണ്ട് മിനിറ്റ് 18 സെക്കന്റാണ് ഗ്രഹണം നീണ്ടുനിന്നത്.
സ്പെയിൻ, പോർച്ചുഗൽ, ഐസ്ലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിലാണ് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. യൂറോപ്പിലെ വലിയൊരു ഭാഗം പ്രദേശങ്ങളിലും ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. സ്പെയിനിലും പടിഞ്ഞാറൻ യൂറോപ്പിലും സൂര്യാസ്തമയ സമയത്താണ് സൂര്യഗ്രഹണമുണ്ടായത്.
സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് ആകാശം പെട്ടെന്ന് പൂർണമായി ഇരുട്ടാകുന്ന ദൃശ്യമാണ് പലയിടങ്ങളിലും കണ്ടത്. ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ കടന്നുപോകുന്നതാണ് സൂര്യഗ്രഹണം. സൈബീരിയയുടെ വടക്കൻ അറ്റത്ത് നിന്ന് ആരംഭിച്ച ഗ്രഹണ പാത ആർട്ടിക് സമുദ്രം കടന്ന് വൈകുന്നേരത്തോടെ ഐസ്ലാൻഡിലും തുടർന്ന് തെക്കോട്ട് യുകെയിലേക്കും സ്പെയിനിലേക്കും വ്യാപിക്കുകയായിരുന്നു. യുകെയിൽ സ്കോട്ട്ലൻഡിൽ വൈകുന്നേരം 6 മണിയോടെയും ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിൽ 6.20 ഓടെയുമാണ് ഭാഗിക ഗ്രഹണം പ്രകടമായിത്തുടങ്ങിയത്.
ഇന്ത്യയിലുള്ളവർക്ക് സൂര്യഗ്രഹണം കാണാൻ സാധിക്കില്ല. ഇന്ത്യൻ സമയം അനുസരിച്ച് ഇന്ന് (ആഗസ്റ്റ് 12) രാത്രി 9.45 മുതൽ ആഗസ്റ്റ് 13 പുലർച്ചെ 2.15 വരെയുള്ള സമയത്താണ് ഗ്രഹണം നടന്നത്. അതായത് ഇന്ത്യയിൽ ഈ സമയം രാത്രിയായതിനാൽ ഇന്ത്യക്കാർക്ക് ഈ സൂര്യഗ്രഹണം കാണാൻ കഴിയില്ലായെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്.


