‘സഹോദരിക്ക് പിന്നാലെ സഹോദരനും..’: ഗൾഫിൽ തീരാവേദനയായി മൂന്ന് മലയാളികൾ

ദുബായ്: പ്രവാസലോകത്തിന് അടുത്ത ദിവസങ്ങളിൽ കേൾക്കേണ്ടി വന്നത് ഒരുപിടി വേദനിപ്പിക്കുന്ന വേർപാടുകളുടെ വാർത്തകൾ. ഗൾഫിലെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദങ്ങളും സഹപ്രവർത്തക ബന്ധങ്ങളും കുടുംബബന്ധങ്ങളും കെട്ടിപ്പടുത്ത മൂന്ന് മലയാളികളാണ് നാട്ടിലേക്കുള്ള യാത്രകൾക്കിടയിലും അവധിക്കാലത്തും അപ്രതീക്ഷിതമായി വിടപറഞ്ഞത്..

ഒരാളുടെ മരണം കുടുംബത്തെ രണ്ടാമതും തകർത്തപ്പോൾ, മറ്റൊരാളുടെ വേർപാട് രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ ഓർമകളാണ് ബാക്കിവച്ചത്. മൂന്നാമനെ വീട്ടിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ യാത്രാമധ്യേ മരണം തട്ടിയെടുത്തു. ദുബായിലെ മലയാളി സമൂഹത്തിൽ ഒരുമിച്ച് ജീവിച്ചും ജോലി ചെയ്തും സൗഹൃദങ്ങൾ പങ്കിട്ടും ജീവിതത്തിന്റെ വലിയൊരു ഭാഗം പിന്നിട്ടവരുടെ വേർപാടുകൾ പ്രവാസലോകത്തെ ശോകമൂകമാക്കി.

ദുബായിൽ ഓട്ടമൊബീൽ എൻജിനീയറായി ജോലി ചെയ്തിരുന്ന കാസർകോട് പൂച്ചക്കാട് സ്വദേശിയായ 24കാരൻ അർജുൻ ആർ. മഹേഷിന്റെ മരണം കേരളത്തിലെ ഒരു കുടുംബത്തിന് നൽകിയത് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം. സഹോദരി മരിച്ച് രണ്ടു മാസം തികയും മുൻപാണ് അർജുനും മരിച്ചത്. ജൂൺ രണ്ടിനാണ് അർജുന്റെ ഏക സഹോദരി ഐജ ആർ. മഹേഷ് (19) നീറ്റ് ക്രമക്കേടുകളുടെ ഇരയായി മരിച്ചത്. പാലായിലെ ഹോസ്റ്റലിൽ ഐജയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ മൂന്നിന് മരണം സംഭവിക്കുകയായിരുന്നു.

നീറ്റ് പുനഃപരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ഐജ. ആദ്യ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷ പ്രഖ്യാപിച്ചതും ഐജയെ മാനസികമായി ഏറെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. വീട്ടിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പെൺകുട്ടി പാലായിലെ ഹോസ്റ്റലിലേക്ക് മടങ്ങിയത്. സഹോദരിയുടെ മരണശേഷം കേരളത്തിലെത്തിയ അർജുൻ പിന്നീട് ജോലിക്കായി ദുബായിലേക്ക് മടങ്ങി.

ഞായറാഴ്ച വീട്ടിലേക്ക് പോകുകയാണെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും പ്രിയ സഹോദരിയുടെ വേർപാടിൽ അർജുൻ ഉള്ളിൽ ഒതുക്കിയിരുന്ന സങ്കടങ്ങൾ ആർക്കും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇത്രയും മാനസിക സമ്മർദം സഹിച്ചായിരുന്നു പ്രിയ സുഹൃത്ത് തങ്ങളുടെ മുൻപിൽ നിന്നിരുന്നത് വിശ്വസിക്കാനാകില്ലെന്ന് അർജുന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. അറിഞ്ഞിരുന്നെങ്കിൽ അവനെ തിരിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുമായിരുന്നു എന്നതാണ് ഇവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്നത്.

അതേസമയം, താൻ ഇന്ത്യയിലെത്തിയ വിവരം അർജുൻ അമ്മയോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. മംഗളൂരുവിലെത്തിയ ശേഷം അമ്മയെ ഫോണിൽ വിളിച്ചെങ്കിലും പിന്നീട് അവർക്ക് ബന്ധപ്പെടാനായില്ല. അർജുൻ നാട്ടിലേക്കുള്ള യാത്രയിലാണെന്ന വിവരം ദുബായിലെ സുഹൃത്തുക്കൾ കുടുംബത്തെ അറിയിച്ചതോടെ ആശങ്ക വർധിച്ചു. ബന്ധുക്കളും അയൽവാസികളും മംഗളൂരുവിലെത്തി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും അർജുനെ കണ്ടെത്താനായില്ല.

തിങ്കളാഴ്ച മംഗളൂരുവിലെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് അമ്മയെ അഭിസംബോധന ചെയ്ത് ക്ഷമ ചോദിക്കുന്ന തരത്തിലുള്ള കുറിപ്പ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തതായി മംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. സഹോദരിയുടെ മരണത്തെ തുടർന്ന് അർജുൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഒരു കുടുംബത്തെ രണ്ടുമാസത്തിനിടെ രണ്ടുതവണ തകർത്ത ഈ മരണം ദുബായിലെ അർജുന്റെ സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.

കണ്ണൂർ സ്വദേശിയായ ടിജോ ജോർജിന്റെ മരണം ദുബായിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാനാകാത്ത വേർപാടായി. 48കാരനായ ടിജോ അവധിക്കായി നാട്ടിലെത്തിയിരിക്കെയാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എലിപ്പനിക്കുള്ള ചികിത്സയ്ക്കിടെ ശനിയാഴ്ച മരണം സംഭവിച്ചു. ദുബായിലെ എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനത്തിൽ സീനിയർ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ടിജോ 1999 മാർച്ച് ഒന്നിനാണ് സ്ഥാപനത്തിൽ ചേർന്നത്. 27 വർഷത്തിലേറെ നീണ്ട സേവനത്തിനിടെ സ്ഥാപനത്തിന്റെ ഭാഗമായി മാത്രമല്ല, സഹപ്രവർത്തകരുടെ കുടുംബത്തിലെ ഒരാളായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കമ്പനി അനുസ്മരിച്ചു. ദയയും വിനയവും നിറഞ്ഞ പെരുമാറ്റവും എപ്പോഴും മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമാണ് ടിജോയെ സുഹൃത്തുക്കളുടെ ഓർമയിൽ വേറിട്ടുനിർത്തുന്നത്.

ജോലിയുടെ പരിധിക്കപ്പുറവും ടിജോയുടെ സാന്നിധ്യം പലരുടെയും ജീവിതത്തിലുണ്ടായിരുന്നുവെന്ന് കോളജിൽ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ദുബായിലെ ഇംഗ്ലിഷ് മാധ്യമപ്രവർത്തക മനോരമ ഓൺലൈനിനോട് പറഞ്ഞു. നിർമലഗിരി കോളജിലെ മുൻകാല വിദ്യാർഥികൾ പഠനം കഴിഞ്ഞ് 30 വർഷത്തിനുശേഷം ജൂലൈ 18ന് നടത്തിയ പുനഃസംഗമത്തിൽ ടിജോയും പങ്കെടുത്തിരുന്നു. പഴയ അധ്യാപകരെ ആദരിച്ചും സഹപാഠികളുടെ ഓർമകൾ പങ്കിട്ടും നടന്ന ആ കൂടിച്ചേരലിൽ ഏറ്റവും ആവേശത്തോടെ പങ്കെടുത്തവരിൽ ഒരാളായിരുന്നു അദ്ദേഹം. 30 വർഷത്തിന് ശേഷമുള്ള ആ മനോഹരമായ കൂടിച്ചേരലിലെ ഓർമകൾക്ക് ഇത്ര വേഗം ഒരു വിടവാങ്ങലിന്റെ നിറം ലഭിക്കുമെന്ന് ആരും കരുതിയില്ല.

കണ്ണൂർ നർമലഗിരി കോളജിലെ മുൻകാല വിദ്യാർഥികൾ പഠനം കഴിഞ്ഞ് 30 വർഷത്തിനുശേഷം ജൂലൈ 18ന് നടത്തിയ ടീജോ ജോർജ് പങ്കെടുത്ത പുനഃസംഗമത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ആശുപത്രി ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും പാസ്പോർട്ട്, വീസ തുടങ്ങിയ രേഖകളുടെ കാര്യങ്ങളിൽ വഴികാട്ടാനും പലർക്കും ജോലി കണ്ടെത്തിക്കൊടുക്കാനും സ്കൂൾ അഡ്മിഷൻ കാര്യത്തിൽ സഹായം ചെയ്യാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. യുഎഇയെ ഏറെ സ്നേഹിച്ചിരുന്ന ടിജോ തന്റെ സ്ഥാപനം മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ എംബിസെഡ് സാറ്റ് ഉപഗ്രഹ പദ്ധതിയുടെ ഭാഗമായതിലും അഭിമാനം കൊണ്ടിരുന്നു. ടിജോയുടെ സഹപ്രവർത്തകനും ബാല്യകാല സുഹൃത്തുമായ കൃപേഷ് ചെറുതോട്ടുംകരയ്ക്കും ഏറെ പറയാനുണ്ട്. ടിജോയുടെ വിയോഗം ഒരു സഹപ്രവർത്തകന്റെ മാത്രമല്ല, ബാല്യകാല സുഹൃത്തിന്റെയും ഒരു സഹോദരന്റെയും കൂടി നഷ്ടമാണെന്ന് കൃപേഷ് പറഞ്ഞു. 2005ൽ ഷാർജ വിമാനത്താവളത്തിൽ താൻ ദുബായിലെത്തിയപ്പോൾ സ്വീകരിച്ചത് ടിജോയായിരുന്നു. വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം താമസം മാറുന്നതുവരെ മൂന്നു വർഷം ഒരുമിച്ചായിരുന്നു താമസം. ജോലിയിൽ അതീവ മിടുക്കനായിരുന്ന ടിജോ സ്ഥാപനത്തിലെ ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത ജീവനക്കാരനായിരുന്നു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്റെ വലംകൈയായിരുന്നുവെന്നും കൃപേഷ് ഓർമിച്ചു.

ദുബായിലെയും ഷാർജയിലെയും വഴികളും വ്യവസായ മേഖലയിലെ ആളുകളെയും അത്രയേറെ പരിചയമുണ്ടായിരുന്ന ടിജോയ്ക്ക് ഏൽപ്പിച്ച ജോലി പൂർത്തിയാകുമെന്ന ഉറപ്പുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി കൂട്ടായ്മയുടെ പരിപാടികളിലും സജീവമായിരുന്നു. ഞായറാഴ്ച നാട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ യുഎഇയിൽനിന്ന് യാത്രചെയ്തെത്തിയ സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മറ്റുള്ളവർ യുട്യൂബിലും ചടങ്ങിന് സാക്ഷിയായി കണ്ണീരണിഞ്ഞു.

Share