ഗസ്സ പുനർനിർമാണം; യു.എസുമായി ഇടഞ്ഞ് ഇസ്‌റാഈല്‍
തെല്‍അവീവ്: ഗസ്സയിലെ പദ്ധതിയെ ചൊല്ലി യു.എസുമായി ഇടഞ്ഞ് ഇസ്‌റാഈല്‍. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഗസ്സയിലേത് തങ്ങളുടെ പദ്ധതിയല്ലെന്ന് വ്യക്തമാക്കിയത്. യു.എസിന്റെ പദ്ധതിയെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നെതന്യാഹുവിന്റെ ഓഫിസിന്റെ വക്താവും യു.എസും ഹമാസും തമ്മിലുണ്ടാക്കിയ നിരായുധീകരണ കരാറിനെതിരേ രംഗത്തുവന്നിരുന്നു. ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായി പിന്‍വലിക്കാന്‍ ഹമാസ് തങ്ങളുടെ മുന്നില്‍ ആയുധം വച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നലെ നെതന്യാഹുവും ഇതേ പ്രസ്താവനയാണ് ആവര്‍ത്തിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് നെതന്യാഹു വിഡിയോ പ്രസ്താവന വഴി സന്ദേശം പങ്കുവച്ചത്. ഹമാസിനെ നിരായുധീകരിക്കാനും ഗസ്സയെ സൈനിക രഹിതമാക്കാനും കഴിയുമെന്ന് ട്രംപും അദ്ദേഹത്തിന്റെ സംഘവും കരുതുന്നുണ്ടെന്നും അവര്‍ ഒരു കരട് രേഖ തങ്ങള്‍ക്ക് അയച്ചു തന്നെങ്കിലും തങ്ങളത് അംഗീകരിച്ചിട്ടില്ലെന്നും അഭിപ്രായവും തിരുത്തലുകളും അവരെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് പിന്തുണയ്ക്കുന്ന ബോര്‍ഡ് ഓഫ് പീസ് പ്രതിനിധികളുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ രാജ്യാന്തര സമാധാന സേനയെ ഗസ്സയില്‍ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ക്ക് ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.
വരാനിരിക്കുന്ന ഒക്ടോബര്‍ 27ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലിക്യുഡ് പാര്‍ട്ടിയില്‍ ആഭ്യന്തര വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു വലതുപക്ഷ മുന്നണിയില്‍ നിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങി കടുത്ത നിലപാടുകളിലേക്ക് കടക്കുന്നത്. അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


