യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്നദൃശ്യങ്ങൾ പകർത്തി,എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു: പരാതി
കോഴിക്കോട്: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി കുടുംബത്തിന് അയച്ചതായും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതി. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 24-നാണ് യുവാവ് ബംഗളൂരുവിലേക്ക് പോയത്. സുഹൃത്തിനൊപ്പം ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവാവിനെ മറ്റൊരു സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ആറംഗസംഘം ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തിൽ തടഞ്ഞുവെച്ച സംഘം, മോചിപ്പിക്കണമെങ്കിൽ എട്ട് ലക്ഷം രൂപ നൽകണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടതായും യുവാവ് പരാതിയിൽ പറയുന്നു.
യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിലൂടെ വീട്ടുകാർക്ക് അയച്ചുവെന്നും പണം നൽകാത്തപക്ഷം കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
പിന്നീട് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട യുവാവ് നാട്ടിലെത്തി ഇന്നലെ വൈകിട്ടാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു യുവതി ഉൾപ്പെടെ ആറുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ കോഴിക്കോട് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
…


