അലറിക്കരഞ്ഞ് യാത്രക്കാരി; വിമാനത്തിനുള്ളിൽ അരങ്ങേറിയത് ഭീതിജനകമായ രംഗങ്ങൾ
ലണ്ടൻ: ലണ്ടൻ ഹീത്രോ വിമാനത്താവളം ലക്ഷ്യമാക്കി പറന്ന ബ്രിട്ടിഷ് എയർവേയ്സ് വിമാനത്തിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ‘എനിക്ക് മരിക്കണ്ട…’ എന്ന് പറഞ്ഞ് യാത്രക്കാരി നിലവിളിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ലാൻഡിങ്ങിനായി താഴ്ന്നുപറക്കുന്നതിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് ‘സ്റ്റാൾ’ മുന്നറിയിപ്പ് മുഴങ്ങിയതോടെയാണ് വിമാനത്തിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒടുവിൽ ‘മേയ്ഡേ’ സന്ദേശം നൽകിയാണ് വിമാനം ഹീത്രോയിൽ ലാൻഡ് ചെയ്തത്.
ജർമനിയിലെ ഡ്യൂസൽഡോർഫിൽനിന്ന് ഹീത്രോയിലേക്കു വന്ന ബ്രിട്ടിഷ് എയർവേയ്സിന്റെ ബിഎ 919 എയർബസ് എ320 വിമാനത്തില്‍ ജൂലൈ ആറിന് നടന്ന സംഭവത്തിലെ വിശദവിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആദ്യ ലാൻഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എയർ ഡേറ്റ റഫറൻസ് (എഡിആർ) സംവിധാനങ്ങളിലൊന്നിൽ തകരാർ സംഭവിക്കുകയും ‘സ്റ്റാൾ വാണിങ്’ ലഭിക്കുകയും ചെയ്തു. ഇതോടെ പൈലറ്റുമാർ ലാൻഡിങ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തുകയും ‘പാൻ പാൻ’ അടിയന്തര സന്ദേശം നൽകുകയും ചെയ്തു. രണ്ടാമത്തെ ശ്രമത്തിനിടെ ഏകദേശം 3,000 അടി ഉയരത്തിൽ വീണ്ടും സ്റ്റാൾ വാണിങ് ലഭിച്ചതോടെ ശക്തമായ റിക്കവറി മനൂവർ നടത്തുകയും അടിയന്തര സന്ദേശം ‘മേയ്ഡേ’ ആയി ഉയർത്തുകയും ചെയ്തു.
വിമാനം പെട്ടെന്ന് ശക്തമായി ചലിക്കുകയും എൻജിനുകളിൽനിന്ന് വലിയ ശബ്ദം കേൾക്കുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായതായി വിമാനത്തിലുണ്ടായിരുന്ന എഡ്വേഡ് കില്ലിവിക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെയാണ് ഒരു സ്ത്രീ ‘ഐ ഡോണ്ട് വാന്റ് ടു ഡൈ’ (എനിക്ക് മരിക്കണ്ട) എന്ന് അലമുറയിട്ടത്.
ഒടുവിൽ വിമാനം ഹീത്രോ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഫയർ ട്രക്കുകളും പൊലീസ് ഉൾപ്പെടെയുള്ള അടിയന്തരസേവന വാഹനങ്ങളും വിമാനത്തെ സ്വീകരിക്കാൻ സജ്ജമായിരുന്നു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളില്ല. വിമാനത്തിനും കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ ഫ്രഞ്ച് വ്യോമയാന അപകട അന്വേഷണ ഏജൻസിയായ ബിഇഎ ‘സീരിയസ് ഇൻസിഡന്റ്’ എന്നാണ് തരംതിരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) അന്വേഷണം നടത്തുകയാണ്. സംഭവം കൂടുതൽ ഗുരുതരമായ അപകടത്തിലേക്കു നയിക്കാമായിരുന്നുവെന്ന് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവന്നെങ്കിലും സംഭവത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ല.


