കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു: തലയിൽ കടിച്ചുപിടിച്ച് 300 മീറ്ററോളം വലിച്ചിഴച്ചു
ബാലാഘട്ട്: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. കാൻഹ ദേശീയോദ്യാനത്തിന് കീഴിലുള്ള ഖാപ്പ റേഞ്ചിലെ പര്രാപുർ ബൈഗതോല ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.
കുടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുഗ്നി ബായ് ധുർവെയെ കടുവ തലയിൽ കടിച്ചുപിടിച്ച് ഏകദേശം 300 മീറ്ററോളം വലിച്ചിഴച്ചതായി ഗ്രാമവാസികൾ പറഞ്ഞു. കുടുംബത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ടോർച്ചുകളുമായി എത്തിയതോടെ കടുവ കാട്ടിലേക്ക് ഓടി.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ബൈഹറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സമീപ മാസങ്ങളിലായി കടുവകളും പുലികളും ഗ്രാമങ്ങളിലേക്ക് കടന്നുവരുന്ന സംഭവങ്ങൾ വർധിച്ചതായി വനംവകുപ്പ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്നും പട്രോളിങ് ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു. മരിച്ച യുവതിയുടെ കുടുംബത്തിന് സർക്കാർ മാനദണ്ഡപ്രകാരമുള്ള ധനസഹായം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
…..


