മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സൗദി അറേബ്യ; ഒരു വിസയിൽ ഇനി ഒന്നിലധികം തവണ സന്ദർശിക്കാം, ഒരു വർഷംവരെ കാലാവധി

മക്ക: ഉംറ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ചു. ഈ പുതിയ സംവിധാനത്തിലൂടെ ഒരു വിസ ഉപയോഗിച്ച് തന്നെ ഒന്നിലധികം തവണ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്താൻ തീർത്ഥാടകർക്ക് സാധിക്കും. നിലവിൽ ഉംറ വിസക്കാർക്ക് അനുവാദമുള്ളത് പോലെ സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും രാജ്യത്ത് പ്രവേശിക്കാം.  കൂടാതെ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.

പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയ്ക്ക് അനുവദിച്ചിട്ടുള്ള ആകെ കാലാവധി 365 ദിവസമാണ്. അതായത്, ഒരു വർഷത്തേക്ക് ഈ വിസയ്ക്ക് സാധുത ഉണ്ടായിരിക്കും. അതിനാൽ ഒരു വർഷത്തിനുള്ളിൽ വീണ്ടും വീണ്ടും ഉംറക്ക് വരാൻ ആഗഹിക്കുന്നവർ ഓരോ തവണയും പുതിയ വിസ നേടേണ്ടതില്ല. എന്നാൽ, ഈ വിസ കാലാവധിക്കുള്ളിൽ രാജ്യത്ത് ആകെ താമസിക്കാൻ കഴിയുന്ന കാലയളവ് 90 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർ ഓരോ തവണ സന്ദർശനം കഴിഞ്ഞ് രാജ്യം വിടുമ്പോഴും, അവരുടെ അടുത്ത യാത്രയ്ക്കായി ബാക്കിയുള്ള താമസ കാലാവധി സിസ്റ്റത്തിൽ ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്.
.
രാജ്യത്തേക്ക് ഓരോ തവണ സന്ദർശനം നടത്തുന്നതിന് മുൻപും തീർത്ഥാടകർ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അംഗീകൃത സേവന പാക്കേജുകൾ മുൻകൂട്ടി തിരഞ്ഞെടുക്കുകയും ‘നുസുക്’ ആപ്പ് വഴി ഉംറ പെർമിറ്റ് എടുക്കുകയും വേണം. എന്നാൽ, ഹജ്ജ് സീസണിലെ ദുൽഖഅദ് 1 മുതൽ ദുൽഹജ്ജ് 13 വരെയുള്ള ദിവസങ്ങളിൽ ഈ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം പ്രത്യേകമായി ഓർമ്മിപ്പിക്കുന്നു.

പുതിയ വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ haj.gov.sa സന്ദർശിക്കുകയോ, 1966, +966 920002814 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Share