കമാൽ മൗലാ മസ്ജിദിൽ ജുമുഅ നമസ്കാരത്തിന് അനുമതി നിഷേധിച്ച് സുപ്രീംകോടതി; പളളിക്ക് സമീപമുളള മൈതാനത്ത് ജുമുഅ നടത്താനും കോടതി നിർദേശം
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള കമാൽ മൗലാ മസ്ജിദ് സമുച്ചയത്തിൽ പഴയപോലെ ജുമുഅ നമസ്കാരത്തിന് അനുമതി നൽകണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. നേരത്തെയുണ്ടായിരുന്ന ആരാധനാ ക്രമീകരണം പുനഃസ്ഥാപിച്ച് ജുമുഅ നമസ്കാരം നടത്താൻ അനുമതി തേടിയാണ് മുസ്ലീം വീഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇത് ഏറെ വൈകാരികമായ ഒരു വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇരുവിഭാഗങ്ങളും തികഞ്ഞ ക്ഷമ പാലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ജുമുഅ നമസ്കാരത്തിന് അനുമതി നിഷേധിച്ചതും, ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ചതും. അതേസമയം, മസ്ജിദ് സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ച ഭോജ്ശാല ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പുരാവസ്തു വകുപ്പിനും ഹിന്ദു വിഭാഗത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസ് രണ്ടോ മൂന്നോ ആഴ്ചയ്ക്കകം കോടതി വീണ്ടും പരിഗണിക്കും.
വിവാദ മസ്ജിദ് സമുച്ചയത്തിന് സമീപമുള്ള പ്രത്യേക തുറസ്സായ സ്ഥലത്ത് വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ വിശ്വാസികൾക്ക് ജുമുഅ നമസ്കാരം നടത്താൻ കോടതി മധ്യപ്രദേശ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കോടതിയുടെ അന്തിമ വിധിക്ക് വിധേയമായ താൽക്കാലിക ക്രമീകരണം മാത്രമാണിതെന്നും, സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ തർക്ക സമുച്ചയത്തിൽ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങളും വരുത്താൻ പുരാവസ്തു വകുപ്പിന് (എ.എസ്.ഐ) അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
.
2003 മുതൽ നിലവിലുണ്ടായിരുന്ന ആരാധനാ ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ ഉന്നയിച്ചത്. മുൻപ് നിലനിന്നിരുന്ന ഈ സംവിധാനമനുസരിച്ച് വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾക്ക് നമസ്കാരത്തിനും ചൊവ്വാഴ്ചകളിലും വസന്തപഞ്ചമി ദിനത്തിലും ഹിന്ദുക്കൾക്ക് ആരാധനയ്ക്കും അനുമതിയുണ്ടായിരുന്നു. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് തൊട്ടുമുൻപ് സുപ്രീംകോടതിയെ സമീപിക്കാൻ തങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകരായ ഹുസൈഫ അഹ്മദിയും വൃന്ദ ഗ്രോവറും നൂറ്റാണ്ടുകളായി അവിടെ നമസ്കാരം നടന്നു വരുന്നുണ്ടായിരുന്നുവെന്ന് കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, നിലവിലെ ക്രമസമാധാന സാഹചര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. ഇത്തരം മതപരമായ തർക്കങ്ങളിൽ ഇടപെടുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ആവശ്യമെങ്കിൽ കേസിൽ ദിനംപ്രതി വാദം കേൾക്കാൻ കോടതി തയ്യാറാണെന്നും അറിയിച്ചു. ഹൈക്കോടതി വിധി വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രദേശത്ത് പൂർണ്ണമായ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അതിനാൽ പഴയ ക്രമീകരണത്തിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു.
കഴിഞ്ഞ മെയ് 15-നാണ് മധ്യപ്രദേശ് ഹൈക്കോടതി വിവാദ മസ്ജിദ് സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ച ഭോജ്ശാല ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചത്. ഇതിനൊപ്പം ലണ്ടനിലെ മ്യൂസിയത്തിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹം ഇന്ത്യയിലെത്തിച്ച് ഇവിടെ പുനഃപ്രതിഷ്ഠിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന് ആലോചിക്കാമെന്നും, മുസ്ലിം വിഭാഗത്തിന് ധാർ ജില്ലയിൽ പള്ളി പണിയാൻ അനുയോജ്യമായ മറ്റൊരു ഭൂമി നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിയുടെ നിയമസാധുതയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.


