ജീവിക്കാനായി പുരുഷവേഷം കെട്ടി ജോലി; യുവതിയെ അറസ്റ്റ് ചെയ്ത് താലിബാൻ

കാബൂൾ: കൊടും ദാരിദ്ര്യത്തിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ പുരുഷവേഷം ധരിച്ച് ജോലി ചെയ്തിരുന്ന അഫ്ഗാൻ യുവതി താലിബാൻ ഭരണകൂടത്തിന്റെ പിടിയിലായി.

ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള നൂരിയ എന്ന യുവതിയാണ് അറസ്റ്റിലായത്. നൂർ അഹ്‌മദ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി കഫേയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.

പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നൂരിയ. സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് താലിബാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് പുരുഷവേഷം കെട്ടി ജോലിക്ക് ഇറങ്ങാൻ നൂരിയയെ പ്രേരിപ്പിച്ചത്. ചോദ്യം ചെയ്യലിനിടെ, കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങളില്ലെന്നും പട്ടിണി മാറ്റാനാണ് ഈ സാഹസത്തിന് മുതിർന്നതെന്നും നൂരിയ വെളിപ്പെടുത്തി. നൂരിയയുടെ ഈ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും വിദ്യാഭ്യാസ മേഖലയിലും കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നത്. എൻജിഒകൾ, മാധ്യമങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കിയത് ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തിയിട്ടുണ്ട്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അഫ്ഗാൻ സ്ത്രീകളുടെ ദയനീയാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് നൂരിയയുടെ അറസ്റ്റ്.

Share