ഗായിക എസ് ജാനകി വിടവാങ്ങി
തിരുവനന്തപുരം: വിഖ്യാത ഗായിക എസ് ജാനകി (88) അന്തരിച്ചു. മെെസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 17 ഭാഷകളിൽ ഗാനമാലപിച്ച അതുല്യ ഗായികയാണ്.
തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ജാനകി കന്നഡ , മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി 50000ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.
1938 ഏപ്രിൽ 23 നാണ് എസ് ജാനകിയുടെ ജനനം. പിന്നീട് ആറ് പതിറ്റാണ്ട് കാലം ദക്ഷിണേന്ത്യൻ സംഗീതത്തിലെ പകരക്കാരില്ലാത്ത ഗായികയായി എസ് ജാനകി തുടർന്നു. സംഗീതരംഗത്തെ അത്ഭുതം എന്ന് നിരവധി പ്രഗൽഭർ വിശേഷിപ്പിച്ചിട്ടുള്ള ഗായികയാണ് വിടവാങ്ങിയത്.
മലയാളത്തിൽ 1200ഓളം പാട്ടുകൾക്ക് ജീവൻ നൽകി. തുമ്പീ വാ തുമ്പക്കുടത്തിൻ, ആടി വാ കാറ്റേ, കിളിയേ കിളിയേ, തേനും വയമ്പും, നാഥാ നീ വരും തുടങ്ങിയ ജാനകിയുടെ പാട്ടുകളെല്ലാം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ്. സംഗീതസംവിധായകൻ എം എസ് ബാബുരാജാണ് ജാനകിയെ മലയാള സിനിമാരംഗത്തേക്ക് കൊണ്ടുവന്നത്.


