കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള സംരക്ഷണം പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് നല്‍കി വന്ന സംരക്ഷണം പിന്‍വലിക്കാന്‍ പൊലീസിനോട്  ഹൈക്കോടതി നിര്‍ദേശം. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിലാസത്തിലോ ഫോണിലോ ബന്ധപ്പെടാനാകുന്നില്ല. ഇത് പെണ്‍കുട്ടിയുടെ പതിവായി മാറിയെന്നും സര്‍ക്കാര്‍ അറിയിച്ചു 

18 വയസ് തികയും മുന്‍പുള്ള കല്യാണമെന്ന് ആരോപിച്ച് മധ്യപ്രദേശ് പൊലീസ് കേസെടുത്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. പെൺകുട്ടിക്കു 16 വയസ്സേയുള്ളൂവെന്നും കഴിഞ്ഞമാസം വിവാഹത്തിനു ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ദേശീയ പട്ടികവർഗ കമ്മിഷൻ അറിയിച്ചു. ഇതോടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിനു നിർദേശവും നൽകി. 

മഹാരാഷ്ട്ര സ്വദേശി ഫർമാനുമായുള്ള പ്രണയവിവാഹത്തെ കുടുംബം എതിർക്കുന്നുവെന്നു പറഞ്ഞാണ് മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി കേരളത്തിൽ അഭയം തേടിയത്. കേരളത്തില്‍ വച്ച് വിവാഹവും നടന്നു. പ്രായപൂർത്തിയായെന്നും വിവാഹം നിയമപരമാണെന്നും സംസ്ഥാന പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്നു പട്ടികവർഗ കമ്മിഷൻ പറയുന്നു.  

കഴിഞ്ഞവർഷം പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാല വിൽക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണ് പെൺകുട്ടിയെ  താരമാക്കിയത്.

Share