നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു
തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. കഴക്കുട്ടം യു.സ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്.
ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആൻ ഉമ്മൻ(25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30-ഓടെ കഴക്കൂട്ടം കാരോട് ദേശീയപാതയിൽ പാച്ചല്ലൂരിലെ ടോളിനടുത്തുളള ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.
കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നുവെന്ന് അപകടം കണ്ട നാട്ടുകാർ പറഞ്ഞു. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജീവനുണ്ടായിരുന്ന യുവാവിനെ ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം എസ്.എച്ച്.ഒ. വി. ബിജു അപകട സ്ഥലം പരിശോധിച്ചു. അപകട കാരണമറിയുന്നതിന് ടോളിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നവീന്റെ അച്ഛൻ സിബി ജോസഫ്. മൃദുലയുടെ അച്ഛൻ ഉമ്മൻ വർഗീസ്, അമ്മ സജി ഉമ്മൻ.


