ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാൻ്റെ ക്ഷണം
ന്യൂ ഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ഔദ്യോഗികമായാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ചടങ്ങിൽ മോദി പ്രതിനിധിയെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ സംസാകാര ചടങ്ങുകള്‍ ജൂലൈ 4ന് നടക്കുമെന്ന് ഇറാന് അറിയിച്ചിരുന്നു. കൊല്ലപ്പെട്ട് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്കാര ചടങ്ങിനായി പ്രത്യേക സ്ഥലം സജ്ജമാക്കിയെന്നാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആയത്തുള്ള ഖമനയിയുടെ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യം അതീവ രഹസ്യമാണ്. അഞ്ച് ദിവസമായാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ജൂലൈ 4ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വിപുലമായ വിലാപയാത്രക്ക് ശേഷം ജൂലൈ 9ന് വിശുദ്ധ നഗരമായ മഷാദില്‍ ഖാംനയിയുടെ ഭൗതികദേഹം ഖബറടക്കുന്നതോടെയാണ് സമാപിക്കുക.
ഇറാന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ മൂന്ന് പതിറ്റാണ്ടിലേറെ നയിച്ച നേതാവായിരുന്നു ആയത്തുള്ള അലി ഖമനയി. ഫെബ്രുവരി 28ന് തെഹ്റാനിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത അക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും യുദ്ധം കനത്ത പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. ആയത്തുള്ള ഖമനേയിയുടെ മകന് മൊജ്തബ ഖമനേയി പിന്നീട് ഇറാന്റെ പരമോന്നത നേതാവായി ചുമതല ഏറ്റിരുന്നു.


