ലെബനനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്റാഈൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ഇസ്റാഈലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം തെക്കൻ ലെബനനിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും അഞ്ച് പേർ കൊല്ലപ്പെട്ടു.

ശനിയാഴ്ച പുലർച്ചെയോടെ തെക്കൻ ലെബനനിലെ നബാത്തിയ മേഖലയിലാണ് ഇസ്റാഈൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലും പുലർച്ചെ മുതൽ ശക്തമായ പീരങ്കി ആക്രമണവും ഇസ്റാഈൽ നടത്തിയിരുന്നു.

അമേരിക്കയുടെയും ഖത്തറിന്റെയും നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ഇസ്റാഈലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ശത്രുത അവസാനിപ്പിക്കാൻ കരാറിലെത്തിയത്. ഈ ചർച്ചകൾക്ക് ഇറാന്റെ പിന്തുണയുമുണ്ടായിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി മുതിർന്ന യു എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. ഒരു മുതിർന്ന ഇസ്റാഈൽ ഉദ്യോഗസ്ഥനും രണ്ട് ഹിസ്ബുള്ള സ്രോതസ്സുകളും കരാർ സ്ഥിരീകരിച്ചിരുന്നതാണ്.

തെക്കൻ ലെബനനിലെ സ്ഥിതിഗതികൾ ശാന്തമാക്കാനും മേഖലയിൽ നടക്കുന്ന വിപുലമായ നയതന്ത്ര നീക്കങ്ങളെ സംരക്ഷിക്കാനുമാണ് വെടിനിർത്തലിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഈ കരാർ നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് ഇരുവിഭാഗവും തമ്മിൽ കടുത്ത പോരാട്ടം നടന്നിരുന്നു. ലെബനനിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ നാല്പതോളം പേർ കൊല്ലപ്പെടുകയും ഹിസ്ബുള്ള നടത്തിയ തിരിച്ചടിയിൽ നാല് ഇസ്റാഈൽ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ തുടക്കം മുതൽ തന്നെ വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാർ നിലവിൽ വന്ന ആദ്യ മണിക്കൂറുകളിൽ തന്നെ ഇസ്റാഈൽ ആക്രമണം തുടർന്നതായി ലെബനൻ സുരക്ഷാ സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

സുരക്ഷാ ഭീഷണികൾ നേരിടാൻ ഇസ്റാഈൽ സൈന്യത്തിന് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് ഇസ്റാഈൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ബോഫോർട്ട് കോട്ട, അലി താഹർ പർവതനിരകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൈന്യം പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്താൻ ശ്രമിക്കുകയാണെന്നും വെടിനിർത്തൽ ധാരണകൾ ലംഘിച്ചതായും ഇസ്റാഈൽ ആരോപിക്കുന്നു.

Share
error: Content is protected !!