ആ സന്തോഷ വാർത്ത ഇന്നറിയാം, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്ക് സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. സൗജന്യ യാത്ര എങ്ങിനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന. ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം സര്ക്കാര് 712 കോടി രൂപ കെഎസ്ആര്ടിസിക്ക് നല്‍കേണ്ടി വരും.

യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൌജന്യ യാത്ര. പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നത്. കെ എസ് ആർടിസി ക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധന കാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് മന്ത്രി സഭായോഗത്തിൽ ചർച്ച ചെയ്യും. ആദ്യ 100 ദിനം പദ്ധതി നടപ്പാക്കി, ഇത് വിലയിരുത്തി രണ്ടാം ഘട്ടം നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്.

അതേസമയം ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഈ കാലയളവിലെ യാത്രാ രീതികളും പഠിച്ച ശേഷം, രണ്ടാം ഘട്ടത്തിൽ മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
error: Content is protected !!