ഇറാനെ തിരിച്ചടിച്ച് ഇസ്രയേൽ; ട്രംപിന്റെ നിർദേശം തള്ളി, സംഘർഷം രൂക്ഷം
ജറുസലം: ഇറാന്റെ ആക്രമണത്തിനു തിരിച്ചടി നൽകി ഇസ്രയേൽ. ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തി. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പടിഞ്ഞാറൻ വ്യോമാതിർത്തി അടച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ലബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. യുഎസുമായി സമാധാനക്കരാർ സാധ്യമാകണമെങ്കിൽ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇറാന്‍ പറയുന്നത്.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ ഞായറാഴ്ച കനത്ത ആക്രമണം നടത്തിയിരുന്നു. ലബനനിലെ ആക്രമണം താൽക്കാലികമായി നിർത്തണമെന്ന യുഎസിന്റെ അഭ്യർഥന ലംഘിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഈ നീക്കം. ഇറാൻ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല പോരാളികൾ തങ്ങൾക്കു നേരെ വെടിയുതിർത്തതായി ഇസ്രയേൽ അവകാശപ്പെടുന്നു.
ഞായറാഴ്ച രാത്രി ഇറാന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെ, തിരിച്ചടിക്കരുതെന്നും നയതന്ത്ര ചർച്ചകളിലൂടെ സാഹചര്യം കൈകാര്യം ചെയ്യണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രയേൽ ഇത് മുഖവിലയ്ക്കെടുത്തില്ല. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുമതിയും ഉണ്ടായിരുന്നില്ലെന്നു യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഇറാനുമായി കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ട്രംപെന്നും അവർ വ്യക്തമാക്കി.


