സ്കൂളിൽ ബിജെപിയുടെ രാഷ്ട്രീയ പരിപാടി; സുരേഷ്ഗോപി പങ്കെടുത്ത പരിസ്ഥിതി ദിനാഘോഷത്തെ ചൊല്ലി വിവാദം

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തെ ചൊല്ലി വിവാദം. ബിജെപി തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തരുതെന്നുള്ള നിയമം മറികടന്നാണ് ബിജെപി പരിപാടിയെന്നാണ് സിപിഐഎം ആരോപണം.

പ്രപഞ്ച രക്ഷാ യജ്ഞം എന്ന പേരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത പരിപാടിയാണ് വിവാദമായത്. ബിജെപി സ്കൂളിൽ നടത്തിയ രാഷ്ട്രീയ പരിപാടി നിയമ വിരുദ്ധമാണ്.

കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സുരേഷ് ഗോപി എംപി പങ്കെടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞ് ആർഎസ്എസ് നേതാവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലെത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.

സുരേഷ് ഗോപി തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സംഭവത്തിൽ സമൂഹത്തോടും വിദ്യാർഥികളോടും മാപ്പ് പറയണം. വിഷം വമിപ്പിക്കുന്ന രാഷ്ട്രീയം കുട്ടികളിലേക്ക് കുത്തി വയ്ക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ബിജെപി പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന വിശദീകരണവുമായി പ്രധാന അധ്യാപിക ജൂലിയറ്റ്.കെ. അപ്പു രംഗത്ത് വന്നു.

Share
error: Content is protected !!