മുഖ്യമന്ത്രിയെ കാത്തു കേരളം; എഐസിസി പ്രഖ്യാപനം ഉടൻ, സോണിയയുടെ നിലപാട് നിര്‍ണായകം

മുഖ്യമന്ത്രിയെ കാത്ത് കേരളം. എഐസിസി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. കൂടുതൽ  എംഎൽഎമാരുടെ പിന്തുണയുള്ള  കെസി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും സോണിയ ഗാന്ധി അനുകൂല തീരുമാനമെടുക്കുമെന്നാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ എന്ന പാർട്ടി മാനദണ്ഡത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് KC പക്ഷം.

ഇന്നലെ ചേർന്ന മൂന്നു മണിക്കൂർ യോഗത്തിനുശേഷം ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്തതിനാൽ തീരുമാനം മല്ലികാർജുൻ ഖർഗെക്ക് വിട്ടിരുന്നു. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം വി.ഡി.സതീശൻ കൊച്ചിയിൽ എത്തി. പുലർച്ചെ 1.15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സതീശനെ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. മാധ്യമങ്ങളോട് വി.ഡി.സതീശൻ പ്രതികരിച്ചില്ല. തുടർന്ന് ആലുവ ദേശത്തെ വീട്ടിലേക്ക് പോയി. 

നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ തെരുവ് യുദ്ധത്തിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മൂന്നുനേതാക്കളും തെരുവ് യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു. അതിനിടെ ഫ്ലക്സുകള്‍ നീക്കണമെന്ന നേതാക്കളുെട നിര്‍ദേശം നടപ്പിലാക്കി അണികള്‍. മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തിന് തൊട്ടുപിന്നാലെ വിവിധ നേതാക്കൾക്ക് അനുകൂലമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കി തുടങ്ങി. കെപിസിസി ഓഫീസിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിന്‍റെ കൂറ്റൻ ഫ്ലക്സ് ആണ് കെ സി അനുകൂലികൾ ആദ്യം എടുത്തുമാറ്റിയത്. തുടർന്ന് വെള്ളയമ്പലത്തും സെക്രട്ടേറിയറ്റിനു  മുമ്പിലും സ്ഥാപിച്ചിരുന്ന എല്ലാ നേതാക്കളുടെയും ഫ്ലക്സുകൾ നീക്കി.

Share