സൗദിയിൽ ഹജ്ജിന് 10 മുതൽ 15 ദിവസം വരെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി

റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക്  ഹജ്ജ് തീർത്ഥാടനം നടത്തുന്നതിനായി അനുവദിക്കുന്ന അവധിയുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് വിശദീകരണം.

പ്രധാന നിബന്ധനകൾ താഴെ പറയുന്നവയാണ്:

  • അവധി ദൈർഘ്യം: ഈദ് അൽ-അദ്ഹ അവധി ഉൾപ്പെടെ കുറഞ്ഞത് 10 ദിവസം മുതൽ പരമാവധി 15 ദിവസം വരെ ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ടാകും.

  • സേവന കാലാവധി: ഒരു തൊഴിലുടമയ്ക്ക് കീഴിൽ കുറഞ്ഞത് രണ്ട് വർഷം തുടർച്ചയായി സേവനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് മാത്രമേ ഈ അവധിക്ക് അപേക്ഷിക്കാൻ സാധിക്കൂ.

  • ഒരിക്കൽ മാത്രം: തന്റെ മുഴുവൻ സേവന കാലയളവിനിടയിൽ ഒരു തവണ മാത്രമേ ഹജ്ജ് അവധിക്ക് അർഹതയുണ്ടായിരിക്കുകയുള്ളൂ. മുമ്പ് ഹജ്ജ് നിർവ്വഹിച്ചിട്ടില്ലാത്തവർക്കായിരിക്കണം മുൻഗണന.

തൊഴിലുടമയുടെ അധികാരം: സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ, ഓരോ വർഷവും എത്ര ജീവനക്കാർക്ക് ഹജ്ജ് അവധി നൽകണം എന്നത് തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയ്ക്കായിരിക്കും. ജോലിയുടെ ആവശ്യകതയും തിരക്കും പരിഗണിച്ചായിരിക്കും തൊഴിലുടമ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Share
error: Content is protected !!