ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം: ഹമാസ് കമാൻഡറും മകനുമടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
ജെറുസലേം: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡറും മകനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡറായ ഇയാദ് അൽ ഷാൻബരി, അദ്ദേഹത്തിന്റെ മകൻ സലാഹ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഗാസയിലെ സുരക്ഷാവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗാസ സിറ്റിക്ക് സമീപമുള്ള അൽ റിമാലിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് ആക്രമണമുണ്ടായത്. (ചിത്രം: കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ)
ആക്രമണത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ഭീകരരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മറ്റൊരു സംഭവത്തിൽ, ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരനും കൊല്ലപ്പെട്ടു. ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഇരുവിഭാഗവും വെടിനിർത്തൽ കരാർ ലംഘിച്ചതായി പരസ്പരം ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.


