കലിമ ചൊല്ലാന്‍ പറഞ്ഞു; വിസമ്മതിച്ചതോടെ കുത്തിവീഴ്ത്തി; യുവാവ് പിടിയില്‍

മുംബൈയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. മുംബൈ സ്വദേശിയായ സായിബ് സുബൈർ അൻസാരിയാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നാലിന് മീര റോഡ് ഈസ്റ്റിലാണ് സംഭവം.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരായ രാജ്കുമാർ മിശ്രയെയും സുബ്രതോ സെന്നിനെയുമാണ്  സുബൈര്‍ ആക്രമിച്ചത്. ഇരുവരെയും പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ രാജ്കുമാർ മിശ്രയുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പുലര്‍ച്ചയോടെ സ്ഥലത്തെത്തിയ സുബൈര്‍ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരെ കണ്ട് അടുത്തേക്ക് ചെന്നു. തുടര്‍ന്ന് ഇരുവരുടേയും പേരും മതവും ചോദിച്ചു. തുടര്‍ന്ന ‘കലിമ’ ചൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും വിസമ്മതിച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ രാജ്കുമാർ മിശ്രയുടെ കുടലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സുബ്രതോ സെന്നിന് ശരീരത്തിന്‍റെ പിന്‍ഭാഗത്തായാണ് കുത്തേറ്റത്. ആക്രമണത്തിനിടെ പ്രാണരക്ഷാര്‍ഥം ക്യാബിനില്‍ ഒളിച്ച സുബ്രതോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഈ സമയം സുബൈര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ സുബൈർ അൻസാരിയെ തിരിച്ചറിയുകയും നയാ നഗറിലെ വാടക വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളിലാണ് ഇയാൾ പിടിയിലായത്.

നയാ നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വിവരങ്ങള്‍ അനുസരിച്ച് ഇയാള്‍ ഐഎസ്ഐഎസുമായി ബന്ധപ്പെട്ട വിഡിയോകൾ ആവർത്തിച്ച് കണ്ടിരുന്നതായി പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നില്‍ ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കേസ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് (എടിഎസ്) കൈമാറിയിരിക്കുകയാണ്.

പഠനത്തിനായി യുഎസിലായിരുന്ന കുർള സ്വദേശിയായ സുബൈര്‍ അൻസാരി 2019 ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. തുടര്‍ന്ന് മീര റോഡിൽ വാടകയ്ക്ക് ഒറ്റയ്ക്ക് താമസിക്കുകയായികുന്നു. നാല് മാസം മുമ്പ് വരെ, ഒരു കോച്ചിങ് സെന്ററിൽ അധ്യാപകനായും ജോലി ചെയ്തിരുന്നു. മെയ് 5 നകം വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ഒഴിയാൻ ഇയാളോട് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

Share
error: Content is protected !!