പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് 12മണിക്കൂര്‍ മുന്‍പ് അയല്‍വാസിയെ ബലാത്സംഗം ചെയ്തു; ഞെട്ടി ഡല്‍ഹി പോലീസ്

ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി അയല്‍വാസിയായ യുവതിയേയും ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെത്തി 22കാരിയെ കൊലപ്പെടുത്തുന്നതിന് 12 മണിക്കൂര്‍ മുന്‍പാണ് 23കാരനായ രാഹുല്‍ മീണ മറ്റൊരു ക്രൂരത നടത്തിയത്. ബുധനാഴ്ച്ച രാവിലെ ആറരയ്ക്കും ഏഴരയ്ക്കും ഇടയിലാണ് ഡല്‍ഹിയിലെത്തി രാഹുല്‍ മീണ ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ മകളെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച്ച രാത്രി 10.30യോടെയാണ് സ്വന്തം നാടായ ആല്‍വാറിലെ അയല്‍വാസിയുടെ വീട്ടിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറിയത്. യുവതിയെ ബലാത്സംഗം ചെയ്യുംമുന്‍പ് ക്രൂരമായി മര്‍ദിച്ചു. വായ് മൂടിക്കെട്ടി കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് തറയിലേക്ക് എടുത്തെറിഞ്ഞു. പിന്നാലെ ക്രൂരമായി ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. യുവതിയുടെ ദേഹമെല്ലാം ഇയാള്‍ കടിച്ചുമുറിച്ചതായും റിപ്പോര്‍ട്ടുണ്ട്.

11 മണി കഴിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനേയും മക്കളേയും കൊല്ലുമെന്നായിരുന്നു ഭീഷണി. യുവതിയുടെ പരാതിയില്‍ ആല്‍വാര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെയാണ് ഇയാള്‍ ഡല്‍ഹിയിലെ വീട്ടിലെത്തിയത്.

ആറരയോടെ വീട്ടിലെത്തിയ പ്രതി ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഏഴരയോടെ പുറത്തിറങ്ങി. മാതാപിതാക്കള്‍ ജിമ്മില്‍ പോയി വന്ന ശേഷമാണ് മകള്‍ ക്രൂരമായി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. അരയ്ക്ക് താഴേക്ക് വിവസ്ത്രയായാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തേ ഈ വീട്ടില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ മീണ ഉള്ളില്‍ കടന്നയുടന്‍ പെണ്‍കുട്ടിയുടെ സ്റ്റഡിറൂമിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. യുപിഎസ്‌സി പരീക്ഷക്കായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ കഴുത്തുഞെരിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു. കുട്ടി പ്രതിരോധിച്ചതോടെ ടേബിള്‍ ലാമ്പ് ഉപയോഗിച്ചും ഭാരമുള്ള വസ്തു ഉപയോഗിച്ചും തലയില്‍ അടിച്ചു, ഇതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം താഴത്തെ നിലയിലേക്ക് സ്റ്റെപ്പിലൂടെ വലിച്ചിഴച്ചു.

പണം സൂക്ഷിച്ചിരുന്ന ലോക്കറിന്‍റെ ഫിംഗര്‍ പ്രിന്‍റ് ലോക്ക് പെണ്‍കുട്ടിയുടെ വിരല്‍ ഉപയോഗിച്ച് തുറക്കാനായിരുന്നു ശ്രമം. എന്നാല്‍ വിരലില്‍ രക്തം പുരണ്ടതിനാല്‍ അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് പിന്നീട് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു. ശേഷം പെണ്‍കുട്ടിയുടെ സഹോദരന്‍റെ വസ്ത്രം എടുത്തു ധരിച്ച ശേഷം സ്ഥലം വിട്ടു. പ്രതി വീട്ടിലേക്ക് വരുന്നതും പോവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

15 ടീമായി തിരിഞ്ഞാണ് പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തിയത്. വീടിന്‍റെ ഘടനയെക്കുറിച്ച് പ്രതിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായും ആക്‌സസ് കോഡുകളും, സ്പെയർ കീ സൂക്ഷിക്കുന്ന സ്ഥലവും അറിയാമായിരുന്നതുമാണ് ഇയാള്‍ക്ക് എളുപ്പത്തില്‍ വീടിനകത്ത് കയറാന്‍ സാധിച്ചത്. വീടിന്റെ ഓരോ നിലയിലും ലോക്കുകളും ലിഫ്റ്റിലുള്‍പ്പടെ കടുത്ത സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നു. ഏകദേശം എട്ട് മാസത്തോളം ഈ വീട്ടില്‍ സഹായിയായി ജോലി ചെയ്തിരുന്നയാളാണ് പ്രതി. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ആറ് ആഴ്ച മുൻപാണ് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടത്.

രാവിലെ 6:28-ന് വീട്ടിൽ പ്രവേശിച്ച പ്രതി, വസ്ത്രം മാറി 7:22-ഓടെ പുറത്തുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. കൊലപാതകത്തിന് ശേഷം ദ്വാരകയിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും പൊലീസ് പിടികൂടിയതും.

Share
error: Content is protected !!