‘ഭീഷണിപ്പെടുത്തി ചര്‍ച്ച നടത്താമെന്ന് കരുതേണ്ട, അംഗീകരിക്കില്ല’; ട്രംപിന്‍റെ നിലപാടില്‍ കടുപ്പിച്ച് ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതോടെ അമേരിക്ക – ഇറാന്‍ ചര്‍ച്ചയില്‍ അനിശ്ചിതത്വം. പാകിസ്ഥാനിലേക്ക് പ്രതിനിധിയെ അയക്കില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ചര്‍ച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇസ്ലാമാബാദിലേക്ക് തിരിച്ചു. കരാറില്‍ എത്തുംവരെ കടലിടുക്കിലെ ഉപരോധം നീക്കില്ലെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരല്ലെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗർ ഖാലിബഫ് പറഞ്ഞു.

ഉപരോധം ഏര്‍പ്പെടുത്തിയും വെടിനിര്‍ത്തല്‍ ലംഘിച്ചും ചര്‍ച്ചാമേശയെ ട്രംപ് കീഴടങ്ങല്‍ മേശയാക്കാന്‍ നീക്കം നടത്തിയെന്നും ആദ്യ ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച ഖാലിബഫ് പറഞ്ഞു. നാളെയാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നത്. അതിനിടെ വെടിനിര്‍ത്തല്‍ കരാറിന് ഇടയിലും ലെബനനിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ലെബനന്‍ – ഇസ്രായേല്‍ രണ്ടാംഘട്ട ച‍ര്‍ച്ച വ്യാഴാഴ്ച  വാഷിങ്ടണില്‍ നടക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇറാനില്‍ നടത്തിയ യുദ്ധം നിരവധിക്കാരണങ്ങള്‍ കൊണ്ട് താന്‍ ജയിച്ചുവെന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ‘സൈന്യം കരുത്തോടെ പ്രവര്‍ത്തിച്ചു. ശത്രു ആശയക്കുഴപ്പത്തിലായി. അവരുടെ നേവിയെ ഞങ്ങള്‍ തുടച്ച് നീക്കി, വ്യോമസേനയെ നശിപ്പിച്ചു, മിസൈല്‍ പ്രതിരോധം നശിപ്പിച്ചു, നേതാക്കന്‍മാരെയെല്ലാം കൊന്നൊടുക്കി. ഇപ്പോളിതാ ഉപരോധവും. കരാറിലെത്തുന്നത് വരെ ഈ ഉപരോധം യുഎസ് നീക്കില്ല. ഉപരോധം കാരണം ദിവസവും 500 മില്യണ്‍ ഡോളറാണ് ഇറാന് നഷ്ടമാകുന്നത്”- ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്‍റെ ഇത്തരം പ്രസ്താവനകള്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഇസ്​ലമാബാദില്‍ നടന്ന സമാധാന ചര്‍ച്ച ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തില്‍ തട്ടിയാണ് പരാജയപ്പെട്ടത്. ഇറാന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പ്രകാരം താല്‍കാലിക വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേര്‍ന്നിരുന്നുവെങ്കിലും ചര്‍ച്ചയ്ക്കെത്തിയതോടെ അമേരിക്ക നിലപാട് മാറ്റി. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തണമെന്നും നിലവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്നും ആവശ്യമുയര്‍ന്നു.

ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജെ.ഡി.വാന്‍സ് മടങ്ങിയത്. ചര്‍ച്ച ഫലപ്രദമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും ഇടയില്‍ വാന്‍സിന് വന്ന നെതന്യാഹുവിന്‍റെ ഫോണ്‍കോളാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ആരോപിക്കുകയും ചെയ്തു. 

Share