പട്ടാപ്പകല്‍ ഗര്‍ഭണിയെ കടന്നുപിടിച്ചു; പരാതിപ്പെട്ടിട്ടും അനങ്ങാതെ പോലീസ്

പട്ടാപ്പകല്‍ പൊതുവഴിയില്‍ ഗര്‍ഭിണിയെ കടന്നുപിടിച്ച യുവാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് .  രാജസ്ഥാനിലെ ജയ്പൂരിലാണ് പരസ്യമായ അതിക്രമം. യുവതി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല.  ഒടുവില്‍ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ  കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

കഴിഞ്ഞ മാര്‍ച്ച് 25-ന് ജയ്പൂരിലെ മാളവ്യ നഗറിലാണ് സംഭവം നടന്നത്. ഗർഭിണിയായ യുവതിയെ ഒരാൾ പിന്തുടരുകയും ആരുമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചപ്പോൾ പ്രതി കല്ലെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.

യുവതി മാർച്ച് 26-ന് തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയാറായില്ല. ഏപ്രിൽ 12-ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങള്‍ വൈറലാകുകയും ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ചെയ്തതിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

പിന്നാലെ എഎസ്ഐ മഹേഷ് ചന്ദ്, ഹെഡ് കോൺസ്റ്റബിൾ അംഗദ്രാമി എന്നിവരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ ജവഹർ സർക്കിൾ എസ്എച്ച്ഒയ്ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചു. ഗ്വാളിയോർ സ്വദേശിയായ രാഹുൽ ഗുർജർ ആണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Share