16 മണിക്കൂര്‍ പിന്നീട്ട് യുഎസ്–ഇറാന്‍ സമാധാന ചര്‍ച്ച; ഭിന്നതയായി ഹോര്‍മുസ്

യുഎസ്–ഇറാന്‍ ചര്‍ച്ച ശുഭകരമെന്ന് സൂചന. ചര്‍ച്ചകള്‍ സൗഹൃദ അന്തരീക്ഷത്തില്‍ പുരോഗമിക്കുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളില്‍ ഇന്ന് തീരുമാനം ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. അതേസമയം  ഇറാനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.

ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം നീക്കംചെയ്യണമെന്നാണ് നെതന്യാഹുവിന്‍റെ ആവശ്യം. ഹോര്‍മുസ് നിയന്ത്രണങ്ങളോടെ തുറന്നെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. സൈനിക കപ്പലുകള്‍ക്ക് ഹോര്‍മുസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. 

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെയും തുടരുകയാണ്. ഏകദേശം 15 മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചയില്‍ ഹോര്‍മുസിന്‍റെ നിയന്ത്രണം സംബന്ധിച്ച വിഷയമാണ് ചര്‍ച്ചയില്‍ പ്രതിസന്ധിയായി തുടരുന്നതെന്ന് പാക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. യു.എസിന്‍റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി, സ്പീക്കര്‍ ഹമ്മദ് ബാഗേര്‍ ഗാലിബഫ് അടക്കമുള്ള നേതാക്കളുമായാണ് ഇസ്‍ലാമാബാദില്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്. 

അതേസമയം, ചര്‍ച്ച ഗൗനിക്കാതെ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. ചര്‍ച്ചയും ധാരണയും യു.എസിനെ ബാധിക്കില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. ഇരു കക്ഷികളും ഒരു കരാറിൽ ഒപ്പുവെച്ചാലും അത് തനിക്ക് ഒരു വ്യത്യാസവുമില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ യുദ്ധത്തിന് പിന്തുണ നൽകിയാൽ ചൈനയ്ക്ക് അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചര്‍ച്ചകള്‍ പുരോഗമിക്കെ ഹോര്‍മുസില്‍ പടനീക്കം ആരംഭിച്ചതായി യു.എസ് അവകാശപ്പെട്ടു. രണ്ട് പടക്കപ്പലുകള്‍ ഹോര്‍മുസ് കടന്നെന്നാണ് യു.എസിന്‍റെ അവകാശവാദം. ഇറാന്‍ മൈനുകള്‍ നീക്കാന്‍‌ തുടങ്ങിയെന്നും വാദം മൈനുകള്‍ സ്ഥാപിക്കുന്ന ബോട്ടുകള്‍ തകര്‍ത്തെന്നും യു.എസ് വ്യക്തമാക്കി. ഈ വാദങ്ങളെ ഇറാന്‍ സേന തള്ളി. യുഎസ് ഡിസ്ട്രോയർ ജലപാതയിലേക്ക് നീങ്ങിയെങ്കിലും 30 മിനിറ്റിനുള്ളിൽ കപ്പലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു. പിന്നാലെ കപ്പല്‍ പിന്മാറിയെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Share
error: Content is protected !!