ഇറാനില്‍ ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ തെരുവില്‍; ജെ.ഡി വാന്‍സിൻ്റെ ‘ആണവായുധ’ സൂചന തള്ളി വൈറ്റ് ഹൗസ്

തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ഭീഷണി നിലനില്‍ക്കെ ഇറാനില്‍ ഭരണകൂടത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ തെരുവില്‍. ട്രംപ് തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സമീപം ഇറാനികള്‍ മനുഷ്യ ചങ്ങല ഒരുക്കി.

ഇന്ന് അമേരിക്കന്‍ സമയം രാത്രി എട്ട് മണിയോടെ ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഒരേ സമയം കടുത്ത വെല്ലുവിളി പ്രഖ്യാപിക്കുകയും മറുവശത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്ന രീതി ട്രംപ് തുടരുകയാണ്. ഇറാനെ ഇല്ലാതാക്കുമെന്നും ഒരു നാഗരികതയെ ആകെ തുടച്ചുനീക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രഖ്യാപിച്ച ട്രംപ് പിന്നീട് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിലപാടില്‍ അയവ് വരുത്തി. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെങ്കില്‍ ഇറാനുള്ള സമയ പരിധി നീട്ടുമെന്നാണ് ട്രംപ് പറഞ്ഞത്. സമയപരിധി കഴിഞ്ഞാല്‍ ഉദ്ദേശിച്ച പ്ലാന്‍ പ്രകാരം മുന്നോട്ട് പോകുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുള്ള അന്ത്യശാസന സമയ പരിധി പലതവണ ട്രംപ് നീട്ടിയിരുന്നു.

അതിനിടെ ഇറാന് നേരെ ആണവായുധം പ്രയോഗിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളി. ഇറാനെതിരെ സുപ്രധാന ആയുധം കൈവശമുണ്ടെന്നും അത് ഉപയോഗിക്കണമോ എന്നത് തീരുമാനിച്ചിട്ടില്ലെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അഭിപ്രായപ്പെട്ടിരുന്നു. ഇത് ഇറാനെതിരായ ആണവായുധ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടുകള്‍ തള്ളിയത്.

ഇറാന്റെ പല മേഖലകളിലും ഇതിനകം യുഎസ്-ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ ആക്രമണമുണ്ടായി. ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഖൊറാമാബാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് റെയില്‍ ശൃംഖലക്കും നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ പലയിടത്തും ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി.

Share
error: Content is protected !!