ഐആര്‍ജിസി മേധാവി മജീദ് ഖദെമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

റവല്യൂഷനറി ഗാര്‍ഡ് തലവന്‍ മജീദ് ഖദെമി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രയേല്‍–യുഎസ് ആക്രമണത്തിലാണ് ഖദൈമി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘മേജര്‍ ജനറല്‍ മജീദ് ഖദെമി , അമേരിക്കന്‍–സയണിസ്റ്റ് ശത്രുവിനാല്‍ രക്ഷസാക്ഷിത്വം വരിച്ചു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് കരുത്തനും വിദ്യാസമ്പന്നനും ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും റവല്യൂഷനറി ഗാര്‍ഡിന്‍റെയും തലവനായ അദ്ദേഹത്തിന്‍റെ അന്ത്യ’മെന്നാണ് ഐആര്‍ജിസി അവരുടെ ടെലഗ്രാം ചാനലില്‍ കുറിച്ചത്. 

ഇറാന്‍റെ ഉന്നത നേതാക്കളെ വധിക്കുന്ന അമേരിക്കന്‍–ഇസ്രയേല്‍ നീക്കം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഖദെമിയുടെ മരണം. സമാധന ചര്‍ച്ച നടത്തുന്ന നേതാക്കളെ  വധിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  പറഞ്ഞതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തുവന്നത്.

45 ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തലിന് യുഎസ് ഇറാനുമായി സംഭാഷണത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഐആര്‍ജിസി തലവന്‍ കൊല്ലപ്പെടുന്നത്. ഇത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

എത്രയും വേഗം കരാറിലെത്താനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നടപടി സ്വീകരിക്കാനുമാണ് പദ്ധതി. രണ്ട് ഘട്ടമായുള്ളതാണ് സമാധാന പദ്ധതിയെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.  തുടക്കത്തില്‍ താല്‍കാലിക വെടിനിര്‍ത്തലും  പിന്നാലെ സ്ഥിരമായ  കരാറുമുണ്ടാക്കാനാണ് ലക്ഷ്യമെന്ന്  റിപ്പോര്‍ട്ട്  പറയുന്നു.

Share
error: Content is protected !!