ആനപ്പിണ്ടത്തിന്റെ മണം, കൂക്കിവിളിച്ചു; മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ; ഇത് സൂപ്പർ ശരണ്യ
കാസർകോട്/ബെംഗളൂരു:
മൂന്നുരാത്രിയും രണ്ടുപകലും കൊടുംകാട്ടിൽ. ഒടുവിൽ, ഉയിർപ്പുതിരുനാളായ ഈസ്റ്റർ ദിനത്തിൽ മടങ്ങിവരവ്. സൂപ്പറാണ് ശരണ്യ, ആ മനോധൈര്യവും.
കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്താണ് വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായത്. തിരച്ചിൽ നടത്തിവന്ന ആദിവാസിയുവാക്കൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉൾവനത്തിൽ ഒരു അരുവിക്കുസമീപം പാറയ്ക്കുമുകളിൽ അവശനിലയിൽ ഇരിക്കുന്നനിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു ഇത്. വനംവകുപ്പിന്റെ വാഹനത്തിൽ പുറത്തെത്തിച്ചു.
നാലുദിവസം വെള്ളം മാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെയാണ് പുറത്തേക്കുവന്നത്. വർഷങ്ങളായുള്ള ട്രക്കിങ് പരിചയവും മനോബലവും തിരിച്ചുവരവിനുള്ള കരുത്തായി. രാത്രിയോടെ വീരാജ് പേട്ട പോലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി, ആശുപത്രിയിൽനിന്ന് ആരോഗ്യപരിശോധന നടത്തി ബന്ധുക്കൾക്കൊപ്പം രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു.
കൊച്ചിയിൽ സോഫ്‌റ്റ്വേർ ഡിവലപ്പറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. കക്കബ്ബെ ഗ്രാമത്തിലെ ഹോംസ്റ്റേയിൽ തങ്ങിയ ഇവർ ജീവനക്കാരോട് ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. അതനുവദിക്കാതെ വ്യാഴാഴ്ച രാവിലെ 12 അംഗ സംഘത്തിനൊപ്പമാണ് മലകയറാൻ വിട്ടത്. ഒരുമണിക്കൂറിനകം ശരണ്യയെ കാണാതാവുകയായിരുന്നെന്ന് സംഘാംഗങ്ങൾ പറയുന്നു.
തിരച്ചിൽ ഊർജിതമാക്കാൻ ഞായറാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടിരുന്നു. കെ.സി. വേണുഗോപാൽ എം.പി. സിദ്ധരാമയ്യയോട് സംസാരിച്ചു.


