ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ ട്രംപ്, പദ്ധതിയൊരുക്കി യുഎസ് സൈന്യം

ടെഹ്‌റാൻ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം അനുസരിച്ച് ഇറാന്റെ യുറേനിയം പിടിച്ചെടുക്കാനുള്ള അപകടസാധ്യതയേറിയ ഒരു പദ്ധതി യുഎസ് സൈന്യം തയ്യാറാക്കിയതായി റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ‘വാഷിങ്ടൺ പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആയിരക്കണക്കിന് യുഎസ് സൈനികരെ ഇറാനിൽ വിന്യസിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കാൻ യുഎസ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. മുൻപ് നടപ്പാക്കിയിട്ടില്ലാത്തവിധം സങ്കീർണമാണ് പദ്ധതിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇസ്ഫഹാൻ, നതാൻസ് പോലുള്ള ഇറാനിയൻ ആണവകേന്ദ്രങ്ങൾക്കുള്ളിൽ സംഭരിച്ചിരിക്കുന്ന യുറേനിയം പിടിച്ചെടുക്കാനാണ് പദ്ധതി. നേരത്തെയുണ്ടായ വ്യോമാക്രമണങ്ങളെ തുടർന്ന് തകർന്നടിഞ്ഞവയുടെയും അവശിഷ്ടങ്ങളുടേയും അടിയിലാകാം യുറേനിയത്തിലധികവുമുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനാൽതന്നെ ഇവ വീണ്ടെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇറാനിൽനിന്ന് ഏകദേശം ആയിരം പൗണ്ടിലധികം (ഏകദേശം 454 കിലോഗ്രാം) യുറേനിയം പിടിച്ചെടുക്കാനാണ് യുഎസ് ലക്ഷ്യംവെക്കുന്നത്.

സാധാരണഗതിയിലുള്ള ആക്രമണത്തിൽനിന്ന് വ്യത്യസ്തമായി, ഇറാനിയൻ പ്രദേശത്തിനുള്ളിലേക്ക് കടന്നുകയറി നടത്തുന്നതും ധാരാളം സൈനികരെ ആവശ്യമുള്ളതുമായിരിക്കും ഈ പദ്ധതി. സാവധാനത്തിലും സൂക്ഷ്മതയോടെയുള്ളതും അപകടസാധ്യത ഏറിയതുമായ നടപടി ആയിരിക്കും ഇതെന്ന് ഇത്തരം ദൗത്യങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ ഒരാളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സൈനിക നടപടിയിലൂടെ യൂറേനിയം പിടിച്ചെടുക്കാൻ സാധിക്കുമെങ്കിലും അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി (ഐഎഇഎ)യുടെ ഉദ്യോഗസ്ഥരാകും വെടിനിർത്തൽ വേളയിൽ ആ ജോലിക്ക് കൂടുതൽ യോജിക്കുന്നവരെന്ന് റിട്ട. യുഎസ് ജനറൽ ജോസഫ് വോട്ടൽ പറഞ്ഞു.

Share
error: Content is protected !!