സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിൽ പ്രതികരണവുമായി കെ ടി ജലീൽ; ‘മാപ്പർഹിക്കാത്ത മഹാപരാധം’
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീൽ. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുൽസിത ശ്രമമാണ് നടക്കുന്നത്.
ഏതു മാന്യനേയും മോശമാക്കാൻ, എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള വഴി സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. രാഷ്ട്രീയമായി താൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ടെന്നും ആ വിമർശനം മേലിലും തുടരുമെന്നും എന്നാൽ ഒരിക്കലും വ്യക്തിഹത്യ നടത്തില്ലെന്നും കെ ടി ജലീൽ പ്രതികരിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്കൊപ്പം എന്നും കെ ടി ജലീൽ കുറിച്ചു.
വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. നിലവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ലീഗ് നൽകിയ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
കുറിപ്പിന്‍റെ പൂർണരൂപം
സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക. കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിൻ്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.


