വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കളുടെ പിടിവാശി; എറണാകുളത്ത് 4 സീറ്റുകളിൽ തർക്കം രൂക്ഷം

കൊച്ചി: എറണാകുളത്ത് വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കളുടെ പിടിവാശി. എറണാകുളം ജില്ലയിലെ നാല് സീറ്റുകളിൽ തർക്കം രൂക്ഷമാണ്. കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വർഗീസിനെയും പരിഗണിക്കുകയാണ് കോൺഗ്രസ്. തൃപ്പൂണിത്തുറയിൽ എം ലിജുവിനെ വി ഡി സതീശൻ അംഗീകരിച്ചിട്ടില്ല. ലിജുവിനായി ശക്തമായ വാദിക്കുകയാണ് കെ സി വേണുഗോപാൽ. അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ മാറ്റാനാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

തര്‍ക്കങ്ങളില്ലാതെ മുന്നണിയിലെ സീറ്റ് വിഭജനം പരിഹരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും എന്നാണ് വിവരം. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും.

കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ നാളെ കൂടിക്കാഴ്ച നടത്തും. സുധാകരനോട് അനുഭാവം കാട്ടിയാല്‍ കൂടുതല്‍ എംപിമാര്‍ സീറ്റ് ആവശ്യപ്പെടും. സിറ്റിംഗ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും അംഗീകരിക്കുമോയെന്നതിലാണ് സസ്പെന്‍സ്. പാലക്കാട്, പെരുമ്പാവൂര്‍, തുടങ്ങിയ മണ്ഡലങ്ങളിലെ ആകാംക്ഷയും തുടരും. അമ്പലപ്പുഴയില്‍ ജി സുധാകരനെ പിന്തുണക്കാനുള്ള തീരുമാനവും നാളെ വന്നേക്കും.

Share
error: Content is protected !!