യുദ്ധം കത്തുന്നു, എണ്ണവില കുതിക്കുന്നു; കരുതൽ ശേഖരം പുറത്തെടുക്കാൻ ജി7 രാജ്യങ്ങൾ

പാരീസ്: അമേരിക്ക-ഇസ്റാഈൽ സഖ്യം ഇറാനെതിരെ യുദ്ധം ശക്തമാക്കിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 119 ഡോളർ എന്ന നിരക്കിലേക്ക് വില എത്തിയതോടെ പ്രതിസന്ധി പരിഹരിക്കാൻ ജി7 (G7) രാജ്യങ്ങൾ അടിയന്തര യോഗം ചേർന്നു.

വിപണിയിലെ എണ്ണക്ഷാമം പരിഹരിക്കാൻ രാജ്യങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുള്ള അടിയന്തര കരുതൽ ശേഖരം (Strategic Oil Reserves) വിപണിയിലിറക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.

നിലവിൽ ജി7 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഫ്രാൻസിന്റെ നേതൃത്വത്തിലാണ് വിപണിയെ സുസ്ഥിരമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. വിപണിയിൽ എണ്ണയുടെ ലഭ്യത വർദ്ധിപ്പിക്കുക വഴി വില കുറയ്ക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഫ്രഞ്ച് സർക്കാർ വക്താവ് മൗദ് ബ്രെഗൺ വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന ചർച്ചകളിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഊർജ മന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്ന് ഫ്രഞ്ച് ധനമന്ത്രി റോളണ്ട് ലെസ്‌ക്യൂർ പറഞ്ഞു. ഇന്റർനാഷണൽ എനർജി ഏജൻസിയുമായി (IEA) ചേർന്നായിരിക്കും സംയുക്ത നീക്കം നടത്തുക.

ഹോർമുസ് കടലിടുക്ക് അടച്ചതും കുവൈത്ത്, ഇറാഖ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചതുമാണ് 2022-ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റത്തിന് കാരണമായത്.

വിതരണ തടസ്സം തുടരുകയാണെങ്കിൽ അടിയന്തര കരുതൽ ശേഖരം പുറത്തെടുക്കുമെന്ന് ജി7 സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഐ ഇ എയുടെ പക്കൽ നിലവിൽ 120 കോടി ബാരലിലധികം അടിയന്തര എണ്ണ ശേഖരമുണ്ട്. ഇത് വിപണിയിലെത്തിയാൽ വിലക്കയറ്റത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
error: Content is protected !!