ഹിസ്ബുല്ലയുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം; ചര്‍ച്ചക്ക് തയ്യാറെന്ന് ലബനാന്
ബെയ്റൂത്ത്: ലബനാന് തലസ്ഥാനമായ ബെയ്റൂത്തില്‍ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്ഹസന് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ശാഖകള്‍ക്കു നേരെ ഇസ്റാഈല്‍ വ്യോമാക്രമണം. സ്ഥാപനത്തിന്റെ ശാഖകള്‍ ലക്ഷ്യംവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം.
എണ്ണ വില വിശകലന സേവനം
ബെയ്റൂത്തിലെ ബിര്‍ അല്‍ അബേദ്, ഹാരെത് ഹെക് എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും വിമാനത്താവള പാതയിലുള്ള മറ്റൊരു ശാഖക്കും നേരെ ആക്രമണം ഉണ്ടായതായി ലബനാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍ എന്‍ എ റിപോര്‍ട്ട് ചെയ്തു. പലിശരഹിത വായ്പകളും മറ്റ് സാമ്പത്തിക സേവനങ്ങളും നല്കുന്ന ഈ സ്ഥാപനം 2007 മുതല്‍ അമേരിക്കയുടെ ഉപരോധപ്പട്ടികയിലുണ്ട്.
മധ്യ ബെയ്റൂത്തിലെ തിരക്കേറിയ നുവൈരി മേഖലയിലെ സ്ഥാപനത്തിനു നേരെ ആക്രമണ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ റോഡുകള്‍ അടക്കുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തു.
പലായനം ചെയ്തെത്തിയ നിരവധി ആളുകള്‍ താമസിക്കുന്ന സ്കൂളിന് സമീപമാണ് ഈ ശാഖ സ്ഥിതി ചെയ്യുന്നത്. ആളുകളോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും മാറാന്‍ തയ്യാറായിട്ടില്ല.
ഇസ്റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ലബനാന് പ്രസിഡന്റ് ജോസഫ് ഔന് ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
2024 നവംബറില്‍ ഇസ്റാഈലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും അതിര്‍ത്തികളില്‍ ഇസ്റാഈല്‍ നിരന്തരം കരാര്‍ ലംഘിച്ചിരുന്നു. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ ഈ മാസം രണ്ട് മുതല്‍ ഹിസ്ബുല്ല ആക്രമണം പുനരാരംഭിച്ചതോടെയാണ് പോരാട്ടം വീണ്ടും കടുത്തത്.


