കീഴടങ്ങാൻ പോലും ബാക്കി വെക്കില്ല, ചർച്ചയില്ലെന്ന് ട്രംപ് കരയുദ്ധത്തിന് സാധ്യത; ക്രൂഡും സ്വര്‍ണവും വീണ്ടും തീപിടിക്കും
പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാൻ ഇറാനുമായി തൽക്കാലം ചർച്ചയില്ലെന്ന സൂചനയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സൈന്യത്തെയും ഇപ്പോഴുള്ള ഭരണ നേതൃത്വത്തെയും പൂർണമായും തകർത്തതിനു ശേഷമായിരിക്കും യുദ്ധത്തിന് അവസാനമെന്നും അദ്ദേഹം പറഞ്ഞു.
കീഴടങ്ങാൻ പോലും ആളില്ലാത്ത വിധത്തിലായിരിക്കും ഇനിയുള്ള സൈനിക നടപടി. ഇറാനിൽ കരയുദ്ധം തുടങ്ങാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് സൂചന നൽകി. അങ്ങനെയെങ്കിൽ യുദ്ധം ഇനിയും തുടരാനാണ് സാധ്യത. അത് രാജ്യാന്തര തലത്തിൽ വിപണികളെ സാരമായി ബാധിക്കും.
അതേസമയം, അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പറഞ്ഞെങ്കിലും പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മേൽ ഇറാൻ മിസൈൽ, ഡ്രോൺ പ്രയോഗം തുടരുകയാണ്. ഇറാൻ കീഴടങ്ങുമെന്നത് ട്രംപിന്‍റെ സ്വപ്നമാണെന്നും ഇന്നലെ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന പ്രസിഡന്‍റിന്‍റെ നിലപാടിനോട് ഇറാൻ സൈന്യത്തിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അയൽരാജ്യങ്ങളെയല്ല ഇവിടെയുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം.
പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ ഇറാനിലെ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. പെസഷ്കിയാന്‍റെ നിലപാട് യുഎസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മതപണ്ഡിതനായ ഹമീദ് റാസ പറഞ്ഞു. ഇറാനിൽ ഇടക്കാല ഭരണം നടത്തുന്ന മൂന്നംഗ കൗൺസിലിനും യുദ്ധം തുടരണമെന്ന നിലപാടാണ്. അമേരിക്കൻ ബേസുകളിൽ ആക്രമണം തുടരുമെന്ന് കൗൺസിൽ അംഗവും നീതിന്യായ വിഭാഗം തലവനുമായ മൊഹസിനി ഇജേയ് പറഞ്ഞു. മേഖലയിലെ പല കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി ഇറാൻ സൈന്യവും പറയുന്നു.
കഴിഞ്ഞ ആഴ്ചകളിൽ കനത്ത നഷ്ടത്തിലായിരുന്ന വിപണി വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരും. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ തന്നെയാകും വിപണിയെ കൂടുതലും ബാധിക്കുക. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റമാകും നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം. വിലയിലുണ്ടാകുന്ന ചെറിയ വർധന പോലും സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഹോർമുസ് കടലിടുക്ക് അടച്ചത് രാജ്യാന്തര തലത്തിൽ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മേഖലയിൽ എന്തു പ്രതിഫലനമുണ്ടാക്കുമെന്നും നിക്ഷേപകർക്ക് ആശങ്കയുണ്ട്. യുദ്ധം കൂടുതൽ കാലം തുടർന്നാൽ രാജ്യാന്തര തലത്തിൽ പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ചാ മുരടിപ്പിനും വഴി വെക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ചയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1.37 ശതമാനവും നിഫ്റ്റി 1.27 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 2.15 ശതമാനമാണ് നഷ്ടത്തിലായത്. ബാങ്കിംങ് ഓട്ടോ ഓഹരികളിൽ കനത്ത വിൽപന സമ്മർദമാണ് അരങ്ങേറിയത്. ഐടി സൂചിക മാത്രമാണ് കൂട്ടത്തിൽ പച്ച തെളിഞ്ഞത്. അതും 0.04 ശതമാനത്തിന്‍റെ നേരിയ നേട്ടം. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതും വിപണിക്ക് ഭീഷണിയാണ്. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 6,030 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി.
പ്രാദേശിക നിക്ഷേപകർ 6,972 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി. ഇക്കൊല്ലം മാത്രം വിദേശനിക്ഷേപകർ 60,000 കോടി രൂപയുടെ അറ്റ വിൽപനയാണ് നടത്തിയതെന്നും കണക്ക് പറയുന്നു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ വിദേശ നിക്ഷേപകരുടെ തിരിച്ചു വരവിനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധർ പറയുന്നത്. മാർച്ച് 12ന് പുറത്തു വരുന്ന പണപ്പെരുപ്പ കണക്കുകളും ഇന്ത്യൻ വിപണിക്ക് നിർണായകമാകും.
….


