ഗസ്സയില്‍ ഇസ്‌റാഈലിന്റെ ഡ്രോണ്‍ ആക്രമണം; പിതാവും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഗസ്സ: തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പിതാവും മകളും കൊല്ലപ്പെട്ടു.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രണം. ഇതിന് പിന്നാലെ ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെടുകയും ഒരു പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനുമായുള്ള യുഎസ്-ഇസ്‌റാഈല്‍ യുദ്ധത്തിലേക്ക് ലോകശ്രദ്ധ തിരിയുമ്പോഴും, ഗസ്സയിലെ ഫലസ്തീനികള്‍ നേരിടുന്ന കടുത്ത ദുരിതങ്ങള്‍ തുടരുകയാണെന്ന് ഈ ആക്രമണങ്ങള്‍ കാണിക്കുന്നു
അല്‍ ജസീറയും വഫ വാര്‍ത്താ ഏജന്‍സിയും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗസ്സയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഒക്ടോബര്‍ 11-ന് ഒരു ‘വെടിനിര്‍ത്തല്‍’ പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടരുകയാണ്.
ഗസ്സ സിറ്റിയുടെ കിഴക്കന്‍ മേഖലകളില്‍ ഇസ്‌റാഈല്‍ സൈന്യവുമായി ബന്ധമുള്ള സായുധ സംഘങ്ങള്‍ മുന്നേറുന്നതായും കനത്ത വെടിവെപ്പ് നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയതായും സൂചനയുണ്ട്.
ഇറാനെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ റഫ അതിര്‍ത്തി വീണ്ടും അടച്ചു. കഴിഞ്ഞ മാസം ഇത് ഭാഗികമായി തുറന്നത് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയിരക്കണക്കിന് രോഗികള്‍ പുറത്തുപോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്.


