‘അമേരിക്കയെ കാത്തിരിക്കുന്നത് മഹാദുരന്തം, കര യുദ്ധത്തിന് തയാർ’: നൂതന ആയുധങ്ങൾ വിന്യസിക്കാൻ ഇറാൻ
ടെഹ്റാൻ: യുഎസിനോട് വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ–ഇസ്രയേൽ ഭീഷണികളെ വകവയ്ക്കുന്നില്ല. അമേരിക്കൻ സൈന്യത്തെ നേരിടാൻ കഴിയുമെന്ന് ഇറാന് ഉറപ്പുണ്ട്.
ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും വിപുലമായ സൈനിക പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് എന്‍ബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പരാമർശം.
യുഎസ് കര അധിനിവേശത്തെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘ഇല്ല, ഞങ്ങൾ അവരെ കാത്തിരിക്കുകയാണ്, കാരണം ഞങ്ങൾക്ക് അവരെ നേരിടാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അത് അവർക്ക് മഹാ ദുരന്തമായിരിക്കും’ എന്നാണ് അബ്ബാസ് അരാഗ്ചി പറഞ്ഞത്. ശത്രുവിനെ നേരിടാൻ സുസജ്ജമാണ്. മിസൈലുകളുടെ ശേഷി നിങ്ങൾ കണ്ടില്ലേ? കൃത്യത മനസ്സിലായില്ലേ? അതിനാൽ ഇനി കരയുദ്ധമാണെങ്കിലും ശക്തമായി നേരിടും.
കഴിഞ്ഞ ജൂണിൽ ഇസ്രയേലും യുഎസ് സേനയും ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട 12 ദിവസത്തെ സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടത് ഇസ്രയേലായിരുന്നു. 12 ദിവസത്തിനു ശേഷം നിരുപാധികം വെടിനിർത്തൽ വേണമെന്ന് അവർ ആവശ്യപ്പെട്ടതായി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടു.
യുഎസുമായും ഇസ്രയേലുമായും ദീർഘകാലയുദ്ധത്തിന് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിൽ മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത നൂതന ആയുധങ്ങൾ ഉടൻ വിന്യസിക്കും. കര അധിനിവേശം പ്രതീക്ഷിച്ചാണ് നിർണായക നീക്കങ്ങളെന്നാണ് സൂചന.


