ഇറാൻ സംഘർഷം തുടർന്നാൽ വില കുതിച്ചുയരാൻ ഇടയുള്ള അഞ്ച് സാധനങ്ങൾ

അമേരിക്കയും ഇസ്റാഈലും ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾ ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.

പെട്രോൾ, ഡീസൽ

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഗണ്യമായി ഉയർന്നു. ഇത് വരും ദിവസങ്ങളിൽ ഇന്ത്യയിലുൾപ്പെടെ പെട്രോൾ, ഡീസൽ വില വർധിക്കാൻ കാരണമാകും.

ഇന്ധന വില വർധിക്കുന്നത് ഗതാഗത ചെലവ് കൂട്ടും. ഇത് ചരക്ക് നീക്കത്തെ ബാധിക്കുന്നതോടെ പച്ചക്കറികൾ, അരി, പരിപ്പ് വർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ തോതിൽ വില കൂടാനിടയുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉള്ളി, അരി കയറ്റുമതിയെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കും.

പാചകവാതകവും വൈദ്യുതിയും

പ്രകൃതി വാതകത്തിന്റെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായ മിഡിൽ ഈസ്റ്റിലെ അസ്ഥിരത എൽ പി ജി വിലയെയും ബാധിക്കും. ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതോടെ വൈദ്യുതി ബില്ലുകളിലും വർധനവ് ഉണ്ടായേക്കാം.

യുദ്ധം പോലുള്ള അനിശ്ചിതത്വങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ മാറുന്നത് പതിവാണ്. ഫെബ്രുവരി അവസാന വാരം മുതൽ സ്വർണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പവന് അയ്യായിരം രൂപയിലധികം വർധനവ് സ്വർണ്ണ വിപണിയിലുണ്ടായിട്ടുണ്ട്.

വിമാന ടിക്കറ്റ് നിരക്ക്

ക്രൂഡ് ഓയിൽ വില കൂടുന്നത് വിമാന ഇന്ധനമായ എ ടി എഫ് വില ഉയരാൻ കാരണമാകും. വിമാനക്കമ്പനികൾ ഈ അധിക ബാധ്യത ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതോടെ വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും വൻ തുക ചിലവഴിക്കേണ്ടി വരും.

Share
error: Content is protected !!