പിതാവിനേക്കാൾ കടുത്ത നിലപാടുകാരൻ: ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയി

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നിയമനം സംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞു.

ഖമനയിയുടെ രണ്ടാമത്തെ മകനായ മുജ്തബ (56) ഈ സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥിയാണെന്ന് നേരത്തേ ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് വിദഗ്ധ സമിതി മുജ്തബയെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിതാവിന്റെ ഓഫിസിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന അദ്ദേഹം, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.

പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് മുജ്തബയെ ഇസ്രയേലി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാർക്കെതിരെയുള്ള അടിച്ചമർത്തലുകൾക്ക് പിന്നിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പരമോന്നത നേതാവിനെ പ്രതിനിധീകരിക്കുന്നു എന്ന കാരണത്താൽ 2019 നവംബറിൽ യുഎസ് ട്രഷറി ഡിപ്പാർട്മെന്റ് മുജ്തബയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലണ്ടനിൽ ആഡംബര വസ്തുവകകളും സ്വിറ്റ്സർലൻഡിൽ സാമ്പത്തിക നിക്ഷേപങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർ‌ട്ടു ചെയ്യുന്നു.

Share
error: Content is protected !!