ഇന്ത്യ ഹിന്ദു രാഷ്ട്രം; ‘അഖണ്ഡ ഭാരതം’ ഉടൻ; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ -യോഗി ആദിത്യനാഥ്
ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്നും ‘അഖണ്ഡ ഭാരതം’ വൈകാതെ സത്യമാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദു എന്നത് സാംസ്കാരിക പദം ആണെന്നും യോഗി പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച അഭിമുഖ വിഡിയോയിലാണു പരാമർശം.
‘‘ഹിന്ദു എന്നത് എല്ലാ ഇന്ത്യക്കാരുടെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു ഒരു മതമോ വിഭാഗമോ അല്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ് എന്നതാണു കാരണം. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദുവുമായി കൂട്ടിച്ചേർത്തു മനസ്സിലാക്കുന്നത് തെറ്റിദ്ധാരണയാണ്. എല്ലാ ഇന്ത്യക്കാർക്കും ഭരണഘടനയോട് ഉന്നത ബഹുമാനം വേണം, അതാണു നമ്മുടെ വഴികാട്ടി’’– യോഗി ആദിത്യനാഥ് പറഞ്ഞു.
‘അഖണ്ഡ ഭാരതം’ എന്ന ആശയം യാഥാർഥ്യമാകുമെന്നും യോഗി വ്യക്തമാക്കി. ‘‘ആധ്യാത്മിക ലോകത്തിൽ പാക്കിസ്ഥാൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. യഥാർഥത്തിൽ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്. ഇന്ത്യയുമായി ചേരാനാണ് പാക്കിസ്ഥാനും ആഗ്രഹിക്കുന്നത്. അഖണ്ഡഭാരതം എന്ന യാഥാർഥ്യം ഉടനെ സംഭവിക്കും’’– യോഗി അവകാശപ്പെട്ടു.
‘ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോൾ, ഹിന്ദുവിനെ മനസിലാക്കുന്നതിൽ നമ്മൾ തെറ്റ് വരുത്തുകയാണ്’ -യോഗി എ.ബി.പി ന്യൂസ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സംഘ്പരിവാറിന്‍റെ എല്ലാക്കാലത്തെയും ആശയമാണ് പുരാണത്തിലെ അഖണ്ഡഭാരത സങ്കൽപം. നേരത്തെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും അഖണ്ഡ ഭാരതത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞുപോയ പ്രദേശങ്ങൾ ഇപ്പോൾ ഭാരതം എന്ന് സ്വയം വിളിക്കുന്നില്ല. ഭാരതവുമായി വീണ്ടും ഒന്നിക്കേണ്ടതിന്‍റെ ആവശ്യകത അവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാണ്ഡഹാർ ഭാരതവുമായി പിരിഞ്ഞ് അഫ്ഗാനിസ്ഥാനായിട്ട് അവിടെ എന്തെങ്കിലും സമാധാനം ഉണ്ടോ. പാകിസ്ഥാൻ രൂപീകരിച്ച തീയതി മുതൽ ഇന്നുവരെ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഖണ്ഡഭാരതം വരണമെന്നായിരുന്നു ഭാഗവത് മുമ്പ് പറഞ്ഞതെന്നും യോഗി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273