സിദ്ദീഖ് കാപ്പന് എപ്പോൾ പുറത്തിറങ്ങാനാകും?
യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം വൈകും. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് പുറത്തിറങ്ങാനാകു. ലഖ്നോ കോടതിയിലാണ് ഈ കേസുള്ളത്.
ഇപ്പോൾ ജാമ്യം ലഭിച്ച കേസിൽ മൂന്നു ദിവസത്തിനകം ജയിൽമോചിതനാക്കണമെന്നാണ് ജാമ്യ ഉത്തരവിൽ സുപ്രീംകോടതി യു.പി സർക്കാറിന് നിർദേശം നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വിചാരണ കോടതി ജാമ്യം അനുവദിക്കണം. ആറ് ആഴ്ച ഡൽഹിയിൽ തങ്ങണം. തിങ്കളാഴ്ചകളിൽ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പാസ്പോർട്ട് വിചാരണക്കോടതിയിൽ നൽകണമെന്നും കോടതി നിര്‍ദേശമുണ്ട്.
കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തത്. ജയിലിൽനിന്ന് പുറത്തിറങ്ങി ആറാഴ്ച കാപ്പൻ ഡൽഹിയിൽ തങ്ങണം. തുടർന്ന് കേരളത്തിലേക്ക് പോകാമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളികൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലെത്തിയാൽ എല്ലാ തിങ്കളാഴ്ചയും ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കാപ്പന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
സിദ്ദീഖ് കാപ്പനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നു കോടതിക്കു ബോധ്യപ്പെട്ടെന്ന് അഭിഭാഷകന് ഹാരിസ് ബീരാന് പ്രതികരിച്ചു. ഹാത്രസിലേക്ക് പോയ വാഹനത്തില്‍നിന്ന് കിട്ടിയത് ഇംഗ്ലിഷ് ലഘുലേഖകളാണ്. അമേരിക്കയിലെ ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭത്തിന്റെ പോസ്റ്ററുകളും ലഭിച്ചു. ജസ്റ്റിസ് ഫോര്‍ ഹാത്രസ് വിക്ടിം’ എന്നായിരുന്നു മറ്റൊരു പോസ്റ്റര്‍.
ഇംഗ്ലീഷ് ലഘുലേഖകള്‍ എങ്ങനെ പ്രകോപനപരമാവും എന്ന് കോടതി ചോദിച്ചുവെന്നും ഹാരിസ് ബീരാന് പറഞ്ഞു. ‘‘രണ്ടു വർഷത്തോളമായി അദ്ദേഹം ജയിൽവാസത്തിലായിരുന്നു. യുഎപിഎ പ്രകാരം പ്രതിക്കു ജാമ്യം കിട്ടണമെങ്കിൽ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നു കോടതിക്കു ബോധ്യം വരണം. അതുകൊണ്ടാണ് യുഎപിഎയിൽ വരുന്ന പ്രതികൾ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത്.
45,000 രൂപ സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഇട്ടുവെന്നാണ് അവർ പറയുന്നത്. ഈ തുക ഉപയോഗിച്ചാണ് ഹാത്രസിലേക്കു പോകാനും ലഹള ഉണ്ടാക്കാനും സിദ്ദീഖ് കാപ്പനും കൂട്ടാളികളും ശ്രമിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. ഗൂഢാലോചനയാണു മറ്റൊരു കുറ്റം. അതിനും പ്രോസിക്യൂഷന് പ്രത്യേകിച്ചു വാദമൊന്നുമില്ല.’’– ഹാരിസ് ബീരാൻ പറഞ്ഞു.
അതേ സമയം യു.പി സർക്കാർ ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. രണ്ടു വർഷം ജയിലിൽ കിടന്നത് നിസ്സാരകാര്യമല്ല. കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോൾ അവർക്ക് കാര്യങ്ങൾ വ്യക്തമായെന്നും ജാമ്യം അനുവദിച്ചതിൽ നന്ദിയുണ്ടെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


