ലയണൽ മെസ്സി വിടപറയുന്നു; ഞായറാഴ്ച മെസ്സിയുടെ അവസാന ലോകകപ്പ്, ‘യാത്ര ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍ സന്തോഷം’ – മെസ്സി

ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അര്‍ജന്റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.

 

‘ലോകകപ്പിലെ എന്റെ യാത്ര ഒരു ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍, അവസാനമത്സരമായി ഒരു ഫൈനല്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. അത് ശരിക്കും സന്തോഷകരമാണ്. അര്‍ജന്റീനയില്‍ എത്രമാത്രം ആസ്വദിച്ചുവെന്ന് കാണുമ്പോള്‍, ഈ ലോകകപ്പിലെ എന്റെ ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്തതിനായി ഇനി മുന്നില്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. എന്നാല്‍ എനിക്കത് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. ഈ രീതിയില്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്, അദ്ദേഹം പറഞ്ഞു.

ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലില്‍ ഗോളടിച്ചും അടിപ്പിച്ചും മെസ്സി പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ മെസ്സിയുടെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. അസിസ്റ്റുകളുടെ എണ്ണം മൂന്നാകുകയും ചെയ്തു. ഈ മത്സരത്തിലൂടെ വളരെ പഴക്കംചെന്ന ഒരു റെക്കോഡില്‍ മെസ്സി മുത്തമിട്ടു. 1966-ന് ശേഷം ഒരു ഫുട്ബോള്‍ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്.

 

ക്രൊയേഷ്യയ്ക്കെതിരേ ഗോളടിച്ചതോടെ മെസ്സി ലോകകപ്പിലെ ആകെ ഗോള്‍നേട്ടം 11 ആക്കി ഉയര്‍ത്തി. ഇതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് മെസ്സിയ്ക്ക് സ്വന്തമായി. 10 ഗോളടിച്ച ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡ് പഴങ്കഥയായി. ഒപ്പം 2022 ഖത്തര്‍ ലോകകപ്പിലെ ടോപ് ഗോള്‍ സ്‌കോററായി മാറാനും മെസ്സിയ്ക്ക് സാധിച്ചു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവുമധികം ഗോള്‍ നേടിയതും അസിസ്റ്റ് നല്‍കിയതും കൂടുതല്‍ ഷോട്ടുതിര്‍ത്തതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും മെസ്സിയാണ്.

 

ഈ ലോകകപ്പില്‍ മെസ്സി ഇതുവരെ മൂന്ന് ഗോളുകള്‍ പെനാല്‍റ്റിയിലൂടെ നേടിക്കഴിഞ്ഞു. ഫൈനലിലും പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാല്‍ മെസ്സിയ്ക്ക് പുതിയ റെക്കോഡ് സ്വന്തമാക്കാം. ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ പെനാല്‍റ്റിയിലൂടെ നേടുന്ന താരം എന്ന റെക്കോഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. 1966-ല്‍ പോര്‍ച്ചുഗലിന്റെ യൂസേബിയോയും 1978-ല്‍ നെതര്‍ലന്‍ഡ്സിന്റെ റെന്‍സെന്‍ബ്രിങ്കുമാണ് ഈ റെക്കോഡ് നേരത്തേ സ്വന്തമാക്കിയവര്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!