28 മണിക്കൂറിന് ശേഷം ദുബൈയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെട്ടു; കൊടും ചൂടിൽ എയർ ഇന്ത്യ ക്രൂരത കാട്ടിയെന്ന് യാത്രക്കാർ

28 മണിക്കൂറിന് ശേഷം കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ദുബൈയിൽ നിന്നും പറന്നു. ചൊവ്വാഴ്ച ഉച്ചക്ക്​ 2.45ന്​ പുറപ്പെടേണ്ടിയിരുന്ന എ.ഐ 938 നമ്പർ വിമാനം പുറപ്പെടുന്നത് ബുധനാഴ്ച വൈകുന്നേരം 6.40നാണ്.

പിന്നിട്ട 28 മണിക്കൂറിൽ പ്രായമായവരും കുട്ടികളും സ്ത്രീകളുമുൾപ്പെടെ 150 ഓളം യാത്രക്കാർ വിമാനത്താവളത്തിലും ഹോട്ടലിലുമായി കഴിച്ച് കൂട്ടി. സാ​ങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

ചൊവ്വാഴ്ച ഉച്ചയോടെ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക്​ കയറ്റിയിരുന്നു. അതിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് വൈകുന്നേരും അഞ്ച്​ മണിയോടെ യാത്രക്കാരെ തിരിച്ചിറക്കി. ഈ സമയത്ത് വിമാനത്തിനകത്ത് എ.സി ഓൺചെയ്തില്ലെന്നും, കൊടും  ചൂട് സമയത്താണ് കുഞ്ഞുങ്ങളടക്കമുള്ളവരെ വിമാനത്തിലിരുത്തിയതെന്നും​ യാത്രക്കാർ കുറ്റപ്പെടുത്തി.

അഞ്ച് മണിയോടെ വിമാനത്തിൽ നിന്നും തിരിച്ചിറങ്ങിയെങ്കിലും വിമാനം എപ്പോൾ പോകുമെന്ന്​ അധികൃതർ വ്യക്​തമാക്കിയില്ല. വിമാനം രാവിലെ പുറപ്പെടും എന്നായിരുന്നു ആദ്യ അറിയിപ്പ്​. തുടർന്ന് രാത്രി 11 മണിയോടെ വിസിറ്റ്​ വിസക്കാരും വിസ കാലാവധി അവസാനിക്കുന്നവരുമല്ലാത്ത യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.  വിസിറ്റ്​ വിസക്കാരും വിസ കാലാവധി കഴിയുന്നവരും പുലരുവോളം വിമാനത്താവളത്തിലെ സീറ്റിലിരുന്ന്​ കഴിച്ച് കൂട്ടേണ്ടി വന്നു. രാവിലെയായിട്ടും എയർഇന്ത്യ അധികൃതരിൽ നിന്ന്​ അറിയിപ്പൊന്നും ലഭിച്ചില്ല. വിളിച്ചിട്ട്​ ഫോൺ എടുത്തുമില്ല. ഇതോടെ യാത്രക്കാർ ക്ഷുഭിതരായി പ്രതിഷേധവുമായെത്തി.

ഒടുവിൽ ബുധനാഴ്ച വൈകുന്നേരം നാല്​ മണിയോടെ മുഴുവൻ യാത്രക്കാരെയും വീണ്ടും വിമാനത്തിൽ കയറ്റി. ഇതിന്​ ശേഷവും ഒന്നര മണിക്കൂറോളം വിമാനത്തിൽ ഇരുത്തി. അപ്പോഴും വിമാനം പുറപ്പെടുമോ ഇല്ലയോ എന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. ദുബൈയിലെ 40 ഡിഗ്രി ചൂടിൽ എ.സി പോലുമില്ലാതെയാണ്​ ഇവരെ വിമാനത്തിൽ ഇരുത്തിയതെന്ന് യാത്രക്കാർ പറയുന്നു​. ഒടുവിൽ 6.40 ഓടെ വിമാനം പുറപ്പെടുകയായിരുന്നു.
വിവാഹം, ചികിത്സ എന്നിവയുൾപ്പെടെ നിരവധി അടിയന്തരാവശ്യങ്ങൾക്കും മറ്റും നാട്ടിലെത്തേണ്ടിയിരുന്ന നൂറുകണക്കിന്​ യാത്രക്കാർക്ക് വിമാനത്തിലുണ്ടായിരുന്നു.​ കഴിഞ്ഞ മാസവും എയർ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share
error: Content is protected !!