ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു; ഇനി മൂന്ന് ദിവസം പരമ്പരാഗത രീതിയിലുള്ള പൂജകളും ചടങ്ങുകളും
കർണാടകയിലെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. ബുധനാഴ്ച രാവിലെ തന്നെ ഇവിടെ ഗണേഷ വിഗ്രഹം സ്ഥാപിച്ചു. ഗണേഷ ചതുർഥിയുടെ ഭാഗമായി ഈദ്ഗാഹ് മൈതാനത്ത് മൂന്ന് ദിവസം നീളുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ച അർധരാത്രി ലഭിച്ച കോടതി അനുമതിയുടെ പിൻബലത്തിലാണ് ഗണേശ ചതുർഥി ആഘോഷം സംഘടിപ്പിക്കുന്നത്.
ബാംഗ്ലൂരിലെ ചാംരാജ് നഗർ ഈദ് ഗാഹ് മൈതാനത്തെ ഗണേശ ചതുർഥി ആഘോഷത്തിന് കർണാടക ഹൈക്കോടതി അനുമതി നൽകിയിരുന്നുവെങ്കിലും, ഇതിനെതിരെ കർണാടക വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ഹരജി നൽകി. ഹരജിയിൽ വാദം കേട്ട സുപ്രിംകോടതി ചാംരാജ് നഗർ ഈദ് ഗാഹ് മൈതാനത്ത് ഗണേശോത്സവം അനുവദിക്കാനാകില്ലെന്ന് ഉത്തരവിട്ടു. ഇരുനൂറ് വർഷത്തോളമായി ഇവിടെ ഇത്തരം ആഘോഷങ്ങൾ നടക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആഘോഷം ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് നടത്താൻ കർണാടക ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ഹുബ്ബള്ളി മൈതാനത്തെ ആഘോഷം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളികൊണ്ടാണ് രാത്രി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചാംരാജ് നഗറിലേത് പോലെയുള്ള അവസ്ഥ അല്ല ഹുബ്ബള്ളിയിലേതെന്നും ഇത് ആരാധനയ്ക്ക് മാത്രമല്ല, കാർ പാർക്കിംഗിനുള്ള സ്ഥലം കൂടിയാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. നേരത്തേ ചാംരാജ് നഗർ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷങ്ങൾ നടത്താനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി തൽസ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനുമായിരുന്നു നിർദേശിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി,എ.എസ് ഒക്കാ,എം.എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.
ധാർവാഡ് മുൻസിപ്പൽ കമീഷണറാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് നേരത്തെ അനുമതി നൽകിയത്. ഇതിനെതിരെ അൻജുമാനെ ഇസ്‍ലാം കോടതിയെ സമീപിക്കുകയായിരുന്നു. ചാമരാജ്പേട്ട ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകാതിരുന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അൻജുമാനെ ഇസ്‍ലാമിന്റെ നീക്കം. ചൊവ്വാഴ്ച രാത്രി 10ന് അടിയന്തിര പ്രാധാന്യത്തോടെ ഹരജി പരിഗണിച്ച ഹൈകോടതി രാത്രി 11.30 ഒാടെ ഹരജിക്കാരുടെ ആവശ്യം തള്ളുകയായിരുന്നു. ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകിയ ധാർവാഡ് മുൻസിപ്പൽ അധികൃതരുടെ നടപടി കോടതി ശരിവെക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ തന്നെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇവിടെ പരമ്പരാഗത രീതിയിലുള്ള പൂജകളും ചടങ്ങുകളും നടക്കുമെന്ന് ഉത്സവ സംഘാടക സമിതി കൺവീനർ ഗോവർധൻ റാവു പറഞ്ഞു. മൈതാനം നഗരസഭയുടേതാണെന്നും ഗണേശോത്സവം സംഘടിപ്പിക്കാൻ നഗരസഭ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക