മറ്റുള്ളവരുടെ നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍
ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ (29) ആണ് പിടിയിലായത്. നമ്പർ സ്പൂഫ് ചെയ്താണ് ഇയാൾ ഫോൺവിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. സൗദി അറേബ്യയിൽനിന്നാണ് ഇയാൾ വിളിച്ചിരുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ‘മാർലി’ എന്നാണ് ഇയാളുടെ പേര്. വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവർത്തനങ്ങൾ പ്രചരിപ്പിക്കും. പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽനിന്ന് തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഈ നമ്പർ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
ഹബീബ് റഹ്‌മാനാണ് വിളിക്കുന്നതെങ്കിലും ഫോണെടുക്കുന്നവർക്ക് മറ്റുള്ളവരുടെ നമ്പറുകളാണ് കാണാൻ സാധിക്കുക. ഇങ്ങനെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോഡ് എതിരാളികൾക്ക് അയച്ചുകൊടുത്ത് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
എസ്.സി.പി.ഒ.മാരായ പി.എ. അബ്ദുൾ ഷുക്കൂർ, എ.ടി. ബിജിത്ത് ലാൽ, സി.പി.ഒ.മാരായ വി.എച്ച്. മുഹമ്മദ് സക്കറിയ, സി.ജി. രഞ്ജിത്ത്, പി.പി. പ്രവീൺ, സി.ജെ. കിരൺ, പി.ജെ. ജിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക