73-കാരിയെ കാറില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു. 43-കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കെകെ കോണത്ത് വീട്ടില്‍ അല്‍ അമീനാണ് (43) പിടിയിലായത്. 26ന് രാവിലെ നടന്ന സംഭവത്തിലെ പ്രതിയെ പല സ്ഥലങ്ങളുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാള്‍ മുന്‍പും ഇത്തരം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 26ന് രാവിലെയാണ് സംഭവം. ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയെ നടക്കേണ്ടെന്നും വീട്ടിലാക്കാമെന്നും പറഞ്ഞ് നയത്തില്‍ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോകാതെ വിജനമായ സ്ഥലങ്ങളില്‍ കാര്‍ നിര്‍ത്തി പീഡനത്തിനിരയാക്കി. രാത്രിയോടെ വീടിനു സമീപമുള്ള റോഡില്‍ ഇറക്കിവിട്ടശേഷം കടന്നു.

വൃദ്ധ സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പറെ അറിയിച്ചു. തുടര്‍ന്ന് മെമ്പറാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിജുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ്എച്ച്ഒ സനോജ് എസ്, എസ്ഐ വിജിത്ത് കെ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പല സ്ഥലങ്ങളിലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. സംഘത്തില്‍ സിപിഒമാരായ അരുണ്‍, മഹേഷ് സുനില്‍കുമാര്‍, സി.പി.ഒ രേഖ എന്നിവരും പങ്കെടുത്തു. മുന്‍പും ചില കേസുകളില്‍ പ്രതിയായിരുന്നു അല്‍ അമീന്‍.

Share