പ്രവാസികൾ സൂക്ഷിക്കുക…മലയാളികളെ വലയിലാക്കാൻ ലഹരിക്കടത്ത്-സ്വർണക്കടത്ത് സംഘങ്ങൾ സജീവം

ഗൾഫ് രാജ്യങ്ങളിലേക്ക് ലഹരി മരുന്നുകൾ കടത്തുവാനും, കേരളത്തിലേക്ക് സർണം കടത്തുവാനും വൻ മാഫിയ സംഘങ്ങൾ ആസുത്രിതമായി പ്രവർത്തിച്ചു വരുന്നതായി റിപ്പോർട്ട്. സംഘത്തിൽ നിരവധി മലയാളികളും പ്രവർത്തിക്കുന്നുണ്ട്. ഗൾഫിലേക്ക് പോകുന്ന യാത്രക്കാരെ പറഞ്ഞ് പറ്റിച്ച് ലഹരി മരുന്നുകൾ കടത്താനുള്ള കാരിയറുകളായി ഉപയോഗിക്കുകയാണിവർ. ഇതിനായി ചില ട്രാവൽ ഏജൻസികളുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്.

കേരളത്തിൽ ഈയിലെ നിരവധി പ്രവാസികൾ സ്വർണകടത്ത് കേസുകളിൽ പിടിക്കപ്പെടുകയും, മറ്റു ചിലർ സ്വർണകടത്ത് സംഘത്തിൻ്റെ പിടിയിലാകുകയും ചെയ്തിരുന്നു. അതിൽ ചിലർക്ക് ജീവൻ വരെ നഷ്ടമായി. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വർണകടത്ത് സംഘത്തിന് ലഹരി മരുന്ന് കടത്ത് സംഘവുമായുള്ള ബന്ധം എത്രത്തോളമുണ്ടെന്നുള്ളത് അന്വേഷണത്തിലാണ്. കേരളത്തിലേക്ക് ഈയിടെയായി ലഹരിമരുന്നുകൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിച്ച് വരികയാണ്.

ഗൾഫിലേക്ക് പോകുന്ന പ്രവാസികളെയാണ് ലഹരികടത്ത് സംഘം ഉപയോഗിക്കുന്നത്. ഏജൻ്റുമാരുടെ ചതിൽപെട്ട് ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ഈ ലഹരി മരുന്ന് കടത്തിന് പിന്നിൽ മലയാളികളുടെ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഗൾഫിലും ഇന്ത്യയിലുമുളള ചില ട്രാവൽ ഏജൻസികളും ഈ മാഫിയ സംഘത്തിന് സഹായകരമായി പ്രവർത്തിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചനകൾ ലഭിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട തമിഴ്നാട് സ്വദേശി, ബാഗേജിൽ മയക്ക് മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് റിയാദ് എയർപോർട്ടിൽ പിടിയിലായിരുന്നു. സാധനം ഏറ്റുവാങ്ങാനായി വിമാനത്താവളത്തിലെത്തിയിരുന്നത് മൂന്ന് മലയാളികളാണ്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈഫ്രൂട്സ് ആണെന്ന് പറഞ്ഞ് ട്രാവൽ ഏജൻ്റ് ചതിക്കുകയായിരുന്നുവെന്ന് പിടിയിലായ തമിഴ്നാട് സ്വദേശി പൊലീസിനോട് പറഞ്ഞു.

നേരത്തെ സൌദിയിലെ അബഹയിൽ ജോലി ചെയ്തിരുന്ന ഈ തമിഴ്‌നാട് സ്വദേശി ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വിസയിൽ വരുമ്പോഴാണ് എജന്റിന്റെ ചതിയിൽ പെട്ടത്. പുതിയ വിസയിൽ സൌദിയിലേക്ക് പോകുവാനുള്ള ടിക്കറ്റും പാസ്‌പോർട്ടും ചോദിച്ചെത്തിയപ്പോൾ, എല്ലാം ബാംഗ്ലൂരിലെ ഓഫീസിൽ ഉണ്ടെന്നും അവിടെ പോയി അത് വാങ്ങി റിയാദിലേക്ക് പോകാമെന്നും വിസ ഏജന്റ് ഇദ്ദേഹത്തെ ധരിപ്പിച്ചു.

ഇതനുസരിച്ച്  ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്‌പോർട്ടും നൽകിയപ്പോൾഡ്രൈഫ്രൂട്‌സ് എന്ന പേരിൽ ഒരു പാക്കറ്റും നൽകിയിരുന്നു. ഡ്രൈ ഫ്രൂട്‌സ് സ്വീകരിക്കാൻ റിയാദിൽ ആളെത്തുമെന്നും പറഞ്ഞു. റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഈ ഡ്രൈഫ്രൂട്‌സ്  മയക്കുമരുന്നാണെന്ന് വ്യക്തമായത്. ഉടൻ തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് പോലീസ് നടത്തിയ നീക്കങ്ങളിൽ മയക്കു മരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശികളായ മൂന്നുപേരും പോലീസ് പിടിയിലായി. എല്ലാവരും ഇപ്പോൾ ജയിലിലാണ്. അതേസമയം തമിഴ്‌നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സൌദിയിൽ റിയാദ്, ജിദ്ദ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് മലയാളികളുൾപ്പെടുന്ന വൻ സംഘങ്ങൾ ലഹരിമരുന്ന്, സ്വർണകടത്ത് സംഘങ്ങളിൽ പ്രവർത്തിക്കുന്നതായാണ് വിവരം. വിവിധ നിയമ പ്രശ്നങ്ങളിലും മറ്റുംപെട്ട് വൻ സാമ്പത്തിക ബാധ്യതകളിലകപ്പെട്ട് നാട്ടിലേക്ക് പോകാൻ പ്രയാസപ്പെടുന്നവരെയാണ് ഇവർ വലയിലാക്കുന്നത്. സൌജന്യ ടിക്കറ്റം, മറ്റു സാമ്പത്തിക സഹായങ്ങളും ഓഫർ ചെയ്താണ് സ്വർണകടത്തിനായി ഇവരെ ഉപയോഗിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ലഹരിക്കടത്ത് കേസുകളിലകപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. സൗദിയിലെ ജയിലുകളിൽ മയക്ക് മരുന്ന് കേസുൽ പിടിക്കപ്പെട്ട് കഴിയുന്നവരിൽ മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്. അൽഹസ ജയിലിലിൽ 20 പേരാണ് ഇത്തരത്തിൽ മയക്ക് മരുന്ന് കേസിൽപ്പെട്ട് കഴിയുന്നത്.  ദുബായിൽ നിന്ന് ചരക്കുമായി വരുന്ന ട്രക്കുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയതിനാണ് ഇവരെല്ലാം പിടിയിലായിരിക്കുന്നത്.

യെമനിൽ നിന്ന് ജിസാൻ വഴി കാത്ത് കടത്തിയ കുറ്റത്തിനും നിരവധി മലയാളികൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. റിയാദ് ജയിലിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാർക്ക് കഴിഞ്ഞ ദിവസം 30 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഖത്തറിലും കുവൈത്തിലും യു.എ.ഇയിലും ബഹറൈനിലും നിരവധി ഇന്ത്യക്കാർ ലഹരികടത്ത് കേസുകളിലകപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!