വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍

കുവൈത്തില്‍ വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിലായി. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. ഏഷ്യക്കാരനാണ് പിടിയിലായത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം നിറച്ചാണ് ഇയാള്‍ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായിരുന്നു. ഇതില്‍ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ നിന്ന് 87 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 36 പേരും അറസ്റ്റിലായി.

മതിയായ താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ കേസുകളില്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് പിടികൂടിയത്. മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.നിയമ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തും.

പുറത്തിറങ്ങുമ്പള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി സഹകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!