ജോർദാനിൽ പോയി സൗദി സന്ദർശന വിസ പുതുക്കി മടങ്ങും വഴി യുവതി മരണപ്പെട്ടു; ഭർത്താവും നാല് വയസ്സുകാരനായ മകനും തനിച്ചായി

ജിദ്ദ: വിസിറ്റ് വിസ പുതുക്കാൻ ജിദ്ദയിൽ നിന്നും ജോർദാനിലേക്ക് വന്ന യുവതി തിരിച്ച് പോകും വഴി മരണപ്പെട്ടു. ബംഗ്ലാദേശ് സ്വദേശിനി ഫാത്വിമാ ബീഗം (44) ആണ് മരിച്ചത്. നാല് വയസ്സായ മകനും ഭർത്താവായ ബിലാലിനുമൊപ്പം ജിദ്ദയിലെ ഷറഫിയ്യയിൽ നിന്നും മലയാളികളോടൊപ്പമായിരുന്നു ഇവർ ബസിൽ ജോർദാനിലേക്ക് വന്നത്.

വ്യാഴാഴ്ച ജിദ്ദയിലെ ഷറഫിയ്യയിൽ നിന്നും മലയാളികൾ ഒരുക്കിയ യാത്ര സംഘത്തിലാണ് ഇവരും യാത്ര ചെയ്തിരുന്നത്. സൌദി ജോർദാൻ അതിർത്ഥിയായ ഹക്കൽ എന്ന് സ്ഥലത്ത് നിന്നും ജോർദ്ദാനിൽ പോയി സന്ദർശന വിസ പുതുക്കി മടങ്ങി വരികയായിരുന്നു. ഏകദേശം 200 കിലോമീറ്ററോളം യാത്ര തുടർന്ന ശേഷം ശർമ്മ എന്ന സ്ഥലത്ത് വെച്ച് ഇവർക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി.

ഉടൻ തന്നെ റെഡ് ക്രസൻ്റ് ആംബുലൻസിനെ വിവരമറിയിച്ചു. ആംബുലൻസിൽ ഏകദേശം 60 കിലോമീറ്റർ അകലെയുള്ള അൽ ബദ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൃതദേഹം അൽ ബദ ജനറൽ ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ വിമൽ മലയാളം ന്യൂസ് ഡസ്കിനോട് പറഞ്ഞു. ജിദ്ദയിൽ നിന്ന് പുറപ്പെട്ട് അൽപദൂരം പിന്നിട്ടപ്പോൾ തന്നെ യുവതി ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും, കൃമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു.

4 വയസ്സുകാരനായ മകനും യുവതിയുടെ ഭർത്താവും ഇതോടെ തനിച്ചായി. അമ്മയുടെ മരണ വിവരം ഇത് വരെ ആ കൊച്ചു കുട്ടി അറിഞ്ഞിട്ടില്ല. അമ്മ ജിദ്ദയിലേക്ക് ഞങ്ങളെ കൂട്ടാതെ പോയി എന്നാണ് ആ ബാലൻ അമ്മയെ കുറിച്ച് ചോദിക്കുന്നവരോട് പറഞ്ഞത്. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി മരിച്ച യുവതിയുടെ ഭർത്താവും മകനും ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിദ്ദയിൽ വെച്ച് അമ്മയെ കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് മകൻ പിതാവിനൊപ്പം ജിദ്ദയിലേക്ക് പുറപ്പെട്ടതെന്നും സാമൂഹിക പ്രവർത്തകനായ വിമൽ മലയാളം ന്യൂസ് ഡെസ്കിനോട് പറഞ്ഞു.

യുവതിയുടെ വേർപ്പാടോടെ, അവരുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗുമായി മകൻ്റെ കൈപിടിച്ച് നടക്കുന്ന പിതാവിൻ്റെ ഒറ്റപ്പെടൽ കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറക്കുന്നതാണ്. ജിദ്ദയിലെത്തിയാൽ ഉമ്മയെ കാണാമെന്നുള്ള പ്രതീക്ഷയിൽ പിതാവിനോടൊപ്പം പുറപ്പെട്ട മകൻ്റെ പ്രതീക്ഷയും ഉത്സാഹവും കണ്ടു നിൽക്കുന്നവരുടെ ഹൃദയം തർക്കുന്നതാണെന്നും വിമൽ പറഞ്ഞു.

 

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!