‘ഇതിലും ഭേദം, ആടുജീവിതം’; ഒരു പ്രവാസി മലയാളിയുടെ കഴുത്തിൽ 14 വർഷമായി ചുറ്റിവരിഞ്ഞ ചുവപ്പുനാടയുടെ കഥ

കൊടുങ്ങല്ലൂർ: 25 കൊല്ലം ഗൾഫിൽ കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം സ്വരുക്കൂട്ടി 1.70 ഏക്കർ ഭൂമി വാങ്ങിയപ്പോൾ താജുദീൻ ആശ്വസിച്ചു, ഇനിയെങ്കിലും കഷ്ടപ്പാടില്ലാതെ ജീവിക്കാമല്ലോ. പക്ഷേ, എന്നു തീരുമെന്നറിയാത്ത കഷ്ടപ്പാടുകളുടെ പ്രവാഹത്തിന്റെ തുടക്കമായിരുന്നു അതെന്നു താജുദീൻ ഇപ്പോൾ തിരിച്ചറിയുന്നു. സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2008–ൽ താജ‍ുദീന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. 14 വർഷം കഴിഞ്ഞെങ്കിലും പദ്ധതിയുമില്ല, ഭൂമിക്കു നഷ്ടപരിഹാരവുമില്ല. നടക്കാത്ത പദ്ധതിയുടെ പേരിൽ ഏറ്റെടുത്ത ഭൂമി തിരികെ നൽകുന്നുമില്ല.

ഒന്നും ചെയ്യാൻ കഴിയാത്ത ഭൂമിയിൽ പശുക്കളെ പോറ്റി പാൽ വിറ്റു ജീവിക്കുകയാണ് ഈ പ്രവാസി. എടവിലങ്ങ് കാരയിൽ കാതിയാളം പുതിയവീട്ടിൽ താജുദ്ദീൻ ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരിക്കു മ്പോഴാണു വീട്ടിൽ സർക്കാർ അറിയിപ്പു ലഭിക്കുന്നത്. സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിച്ചു നൽകാൻ താങ്കളുടെ ഭൂമി ഏറ്റെടുത്ത‍ിരിക്കുന്നുവെന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇടിത്തീ പോലുള്ള വിവരമറിഞ്ഞു താജുദീൻ ഗൾഫിലെ ജോലി മതിയാക്കി ഉടൻ നാട്ടിലേക്കു തിരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഏറ്റെടുത്ത ഭൂമിയിലെ തെങ്ങുകളടക്കമുള്ള ഒട്ടേറെ മരങ്ങൾ അധികൃതർ വെട്ടി നീക്കുന്ന കാഴ്ച കണ്ടു താജുദ്ദീന്റെ നെഞ്ചു കലങ്ങി. ഭൂമി ഏറ്റെടുക്കും മുൻപേ നോട്ടിസ് നൽകൽ, ഹിയറിങ് നടത്തൽ, ഭൂവുടമയ്ക്കു നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിക്കൽ, പണം അനുവദിക്കൽ എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഭൂമിയേറ്റെടുക്കലാണു പതിവെങ്കിലും താജ‍ുദീന്റെ കാര്യത്തിൽ ഇങ്ങനെയൊന്നുമുണ്ടായില്ല. ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം തേടി ഓഫിസുകൾ കയറിയിറങ്ങുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം താജുദീൻ മനസ്സിലാക്കിയത്.

ഏറ്റെടുത്ത തന്റെ ഭൂമിയിൽ ഒരു നിർമാണ പ്രവർത്തനവും നടക്കുന്നില്ല! റവന്യു ഓഫിസുകളിൽ അന്വേഷിച്ചപ്പോൾ പദ്ധതി ഈ പ്രദേശത്തു നിന്നു മാറ്റിയെന്നു വ്യക്തമായി. ഭൂമി തിരികെ നൽകാൻ സംവിധാനമില്ലെന്നും മറുപടി ലഭിച്ചു. നഷ്ടപരിഹാരമെവിടെ എന്നു ചോദിച്ചപ്പോൾ തുക കോടതിയിൽ കെട്ടിവച്ചിട്ടുണ്ടെന്ന‍ായി മറുപടി. പക്ഷേ, ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. നീതി തേടിയുള്ള നടപ്പ് വില്ലേജ് ഓഫിസ് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ നീണ്ടു.

ജീവിതമാർഗം മുട്ടിയപ്പോൾ തന്റെ ഭൂമിയിൽ താജുദീൻ പശു വളർത്തലും ചെറിയ തോതിൽ കൃഷിയും തുടങ്ങി. പക്ഷേ, ഭൂമിക്കു കരമടയ്ക്കാനോ കൈമാറ്റം ചെയ്യാനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ കഴിയില്ല. പശുക്കളെ കറന്നെടുക്കുന്ന പാൽ വിറ്റാണു ജീവിതം. താജുദീന്റെ ഗതികേടറിയാവുന്നവരെല്ലാം ഈ പറമ്പിൽ വന്നു പാൽ വാങ്ങി സഹായിക്കുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ താജുദീൻ നിയമ പോരാട്ടം തുടരുന്നു.

∙റവന്യു വകുപ്പ് പറയുന്നു.. നിർദിഷ്ട ഭൂമി സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. അതിനാൽ മറ്റു വിശദാംശങ്ങൾ നൽകാനാകില്ല.

(കടപ്പാട്: ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, മനോരമ)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!